നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകൾ നാളെ (ഒക്ടോബർ 11) മുതൽ നിരത്തിൽ വേണ്ടെന്ന് ഹൈക്കോടതി. ഇത്തരത്തിലുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു.
പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങൾക്കെതിരെ സൗമ്യത വേണ്ട. ഇത്തരത്തിൽ നിയമലംഘനം നടത്തുന്ന ബസ്സുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഉടനടി ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്യണം.
നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങളോടെയുള്ള വാഹനങ്ങൾ സ്കൂളിലോ ക്യാമ്പസിലോ പ്രവേശിക്കാൻ പാടില്ല.വിദ്യാർഥികൾ ഇത്തരം ബസ്സുകളിൽ വിനോദയാത്ര പോകേണ്ടതില്ല എന്ന് വ്യക്തമാക്കിയ കോടതി, രക്ഷിതാക്കളുടെ നിലവിളി ആര് കേൾക്കും എന്ന ചോദ്യവും ഉന്നയിച്ചു.
നിയമം ലംഘിക്കുന്ന കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും, കർശനനടപടി എടുക്കണമെന്നും കോടതി ഉത്തരവിട്ടു. നിയമലംഘനം നടത്തുന്ന കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വ്ളോഗർമാർക്കെതിരെയും നടപടി വേണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ടൂറിസ്റ്റ് ബസുകൾക്ക് മൂക്കുകയറിടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. വടക്കഞ്ചേരി അപകടത്തിന്റെ ദൃശ്യം തുറന്ന കോടതിയിൽ ഡിവിഷൻ ബെഞ്ച് പരിശോധിച്ചു. അപകടവുമായി ബന്ധപ്പെട്ട്, പൊലീസും മോട്ടോർ വാഹന വകുപ്പും ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.