തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിലും ഏകീകൃതനിറം നടപ്പാക്കുന്നതിലും ടൂറിസ്റ്റ് ബസ് ഉടമകള്‍ക്ക് സാവകാശം നല്കില്ലെന്ന് ഗതാഗതമന്ത്രി. നിബന്ധനകൾ നടപ്പാക്കുന്നതിന് സാവകാശം തേടി ടൂറിസ്റ്റ് ബസ് ഉടമകള്‍ ഗതാഗതമന്ത്രി ആന്റണി രാജുവുമായി കൂടിക്കാഴ്ച നടത്തി.
സാവകാശം നല്‍കില്ലെന്നും ഹൈക്കോടതി പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കുമെന്നും കൂടിക്കാഴ്ചയില്‍ മന്ത്രി നിലപാടെടുത്തു. നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ ഗതാഗതവകുപ്പ് തിങ്കളാഴ്ച പ്രഖ്യാപിച്ച തീരുമാനങ്ങള്‍ ഒരുമാറ്റവും കൂടാതെ നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം എടുത്ത തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കും. പ്രഖ്യാപിച്ച തീരുമാനങ്ങളിലൊന്നും മാറ്റമില്ല. ഹൈക്കോടതി പറഞ്ഞവ ഉള്‍പ്പെടെ എല്ലാം സമയബന്ധിതമായി നടപ്പാക്കും. എല്ലാ വാഹനങ്ങള്‍ക്കും നിയമം ഒരുപോലെ ബാധകമാണ്, മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
അതേസമയം, സര്‍ക്കാര്‍ നടപടി പ്രായോഗികമല്ലെന്നും അടുത്ത ഫിറ്റ്‌നസ് സമയം വരെയെങ്കിലും സാവകാശം നല്‍കണമെന്നും ആയിരുന്നു ടൂറിസ്റ്റ് ഉടമകളുടെ ആവശ്യം. ചിലര്‍ നടത്തുന്ന പേക്കൂത്തുകള്‍ക്ക് എല്ലാവരെയും ശിക്ഷിക്കുന്നത് ശരിയല്ലെന്നും ടൂറിസ്റ്റ് ബസ് സംഘടന ഭാരവാഹികള്‍ പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് വേഗത ഇളവു നല്‍കുന്നതിനെയും അവര്‍ ശക്തമായി എതിര്‍ത്തു. ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കുമെന്നാണ് മന്ത്രി പറഞ്ഞതെന്ന് ടൂറിസ്റ്റ് ബസ് സംഘടന പ്രതിനിധികള്‍ പറഞ്ഞു. ചില നിര്‍ദേശങ്ങളും ആവശ്യങ്ങളും സമര്‍പ്പിച്ചിട്ടുണ്ടെന്നും അത് പരിശോധിക്കാമെന്ന് മന്ത്രി പറഞ്ഞാതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ടാക്‌സ് അടയ്ക്കുന്നതിനുള്ള തീയതി ഒക്ടോബര്‍ 14-ന് അവസാനിക്കുകയാണ്. അത് നീട്ടുന്ന കാര്യം അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ചൊവ്വാഴ്ച മുതല്‍ പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇന്ന് വാഹനങ്ങള്‍ നിരത്തിലിറക്കേണ്ടതില്ലെന്ന് തിങ്കളാഴ്ച തന്നെ ടൂറിസ്റ്റ് ബസ് ഉടമകള്‍ തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇവര്‍ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയത്.