പാലാ: വിദ്യാഭ്യാസ, സാംസ്‌കാരിക, കലാ കായിക രംഗത്ത് പാലാ നഗരസഭ മികച്ച നേട്ടമാണ് കൈവരിച്ചിട്ടുളളത്. പാലാ മുനിസിപ്പല്‍ സിന്തറ്റിക് സ്റ്റേഡിയം, വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളോടുകൂടി മേഡിക്കല്‍ കോളേജ് നിലവാരത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്ന കെ.എം മാണി സ്മാരക ജനറല്‍ ആശുപത്രി, മികച്ച റഫറന്‍സ് കേന്ദ്രമായ മുനിസിപ്പല്‍ ലൈബ്രറി, വിദ്യാഭ്യാസരംഗത്ത് ഉയര്‍ന്ന് മികവിന്റെ കേന്ദ്രമായ മഹാത്മാഗാന്ധി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ആധുനിക രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ആശുപത്രി, ആയൂര്‍വേദ ആശുപത്രി, വെറ്റനറി ഹോസ്പിറ്റല്‍ എന്നിവയെല്ലാം പാലാ നഗരസഭയുടെ അഭിമാനമാണ്.
വിദ്യാഭ്യാസരംഗത്ത് നിരവധിപേരെ കൈപിടിച്ച് ഉയര്‍ത്തിയ അല്‍ഫോന്‍സാ കോളേജും, സെന്റ്.തോമസ് കോളേജും, സെന്റ്.തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളും, സെന്റ്.മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളും പാലാ നഗരസഭയിലാണ്. വിദ്യാഭ്യാസരംഗത്തെ വളര്‍ച്ചയില്‍ പാലാ രൂപത വഹിച്ച പങ്ക് വളരെ വലുതാണ്.
നഗരസഭയില്‍ സ്ഥിതിചെയ്യുന്ന പാലാ മുനിസിപ്പല്‍ സ്റ്റേഡിയം നിരവധി ദേശീയ അന്തര്‍ദേശീയ താരങ്ങളെയാണ് ഇന്ത്യക്ക് സമ്മാനിച്ചത്. പാലാ നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന പൊതുശ്മശാനത്തില്‍ വാതക ശ്മശാനനിര്‍മ്മാണം അവസാന ഘട്ടത്തിലാണ്.
പാലാ നഗരസഭയുടെ സര്‍വ്വതോന്മുഖമായ വികസനത്തിന് യശശ്ശരീരനായ കെ.എം. മാണി നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. മനോരോഗികളെയും അനാഥരെയും സംരക്ഷിക്കുകയും, നഗരസഭയുടെ ശാചകപുനരഥിവാസ പദ്ധതി നടന്നുവരുന്നതുമായ മരിയ സദനം പാലായുടെ അന്തസ്സും അഭിമാനവുമാണ്.
പാലാ ജൂബിലിയും, രാക്കുളിതിരുനാളും, ളാലത്തുത്സവവും പാലായുടെ മത മൈത്രിയുടെയും സാഹോദര്യത്തിന്റെയും പ്രതീകങ്ങളാണ്. പാലാ നഗരസഭ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ നവംബര്‍ 21 മുതല്‍ 25 വരെ നടത്തപ്പെടുന്നു.
നവംബര്‍ 21-ാം തീയതി 2.30 ന് നഗരസഭ കൗണ്‍സില്‍ ഹാളില്‍ നഗരസഭയുടെ കഴിഞ്ഞുപോയ 75 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. തുടര്‍ന്ന് പാലായിലെ പ്രമുഖ വ്യക്തികളെ തോമസ് ചാഴിക്കാടന്‍ എം.പി ആദരിക്കും. ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര അദ്ധ്യക്ഷനായിരിക്കും.