പാലാ ബൈപാസിൻ്റെ രണ്ടാം ഘട്ടത്തിൻ്റെ തുടക്കത്തിലും അവസാനഭാഗത്തുമുള്ള തടസ്സങ്ങൾ നീക്കുന്ന ജോലികൾക്ക് തുടക്കമായി.ഇന്ന് രാവിലെ 7.30 ന് നഗരസഭാ ചെയർമാൻ ആൻ്റോ ജോസ്പടിഞ്ഞാറേക്കര ഇനി നിർമിക്കേണ്ടതായ ഭാഗത്തെ ലെവൽസ് വർക്കിന് തുടക്കം കുറിച്ചു.
മാണിസാറിൻ്റെ സ്വപ്നവും നഗരവാസികളുടെ ആഗ്രഹവും ആവശ്യവും സാക്ഷാത്കരിക്കപ്പെടുന്നു എന്നതിൽ അതിയായി സന്തോഷിക്കുന്നതായി പാലാ കെ.എം.മാണി ബൈപാസിലെ തുടക്കത്തിലും അവസാനത്തിലും അവശേഷിക്കുന്ന നൂറ്റി അറുപത് മീറ്റർ ഭാഗത്തെ പുനരാരംഭിക്കുന്ന നിർമ്മാണ പ്രവർത്തനം നിരീക്ഷിക്കുവാൻ മറ്റു കൗൺസിലർമാർക്ക് ഒപ്പം എത്തിയ നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു.
നഗരത്തിലേക്ക് വരുന്ന എല്ലാ പ്രധാന പാതകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന സമാന്തര റോഡ് മാണിസാറിൻ്റെ സ്വപ്ന പദ്ധതിയായിരുന്നു.
ഏതാനും ഭാഗത്തെ സ്ഥലമേറ്റെടുപ്പ് തർക്കം അവസാനിപ്പിച്ച ശേഷം റോഡ് നിർമ്മിക്കുവാനിരുന്നുവെങ്കിൽ ഇന്ന് ഈ പാത ഉണ്ടാകുമായിരുന്നില്ല എന്ന് ചെയർമാൻ പറഞ്ഞു.