പൊതുജനങ്ങൾക്ക് വിനിമയം ചെയ്യാവുന്ന റിസർവ് ബാങ്ക് ഡിജിറ്റൽ കറൻസിയുടെ (ഇ–റുപ്പീ റീട്ടെയ്ൽ) പരീക്ഷണ ഇടപാട് കൊച്ചിയടക്കം 13 നഗരങ്ങളിൽ. ആദ്യഘട്ടമായി ഡൽഹി, മുംബൈ, ബെംഗളൂരു, ഭുവനേശ്വർ എന്നീ നഗരങ്ങളിൽ ഡിസംബർ 1–ന് നടപ്പാക്കും.
തുടർന്ന് കൊച്ചി, അഹമ്മദാബാദ്, ഗാങ്ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, ഇൻഡോർ, ലക്നൗ, പട്ന, ഷിംല എന്നീ നഗരങ്ങളിലും പരീക്ഷണം നടക്കും. അച്ചടിച്ച നോട്ടിനു പകരം മൊബൈൽ ഫോണിലെ ആപ്പിൽ കൊണ്ടു നടക്കാവുന്ന ഡിജിറ്റൽ കറൻസിയാണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി അഥവാ ഇ–രൂപ.
എന്താണ് ഇ–റുപ്പി കൂടുതൽ വിവരങ്ങൾ
റിസർവ് ബാങ്ക് നിലവിൽ അച്ചടിച്ച കറൻസി നോട്ടിനു പകരം മൊബൈൽ ഫോണിലെ ആപ്പിൽ കൊണ്ടു നടക്കാവുന്ന ഒരു ഡിജിറ്റൽ കറൻസിയാണ് ഇ–രൂപ. ഇതിനെയാണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി) എന്നു വിളിക്കുന്നത്.
യുപിഐ അടക്കമുള്ള ഡിജിറ്റൽ പേയ്മെന്റിൽ പണം ഒരു ബാങ്കിൽ നിന്ന് മറ്റൊരു ബാങ്കിലേക്കാണ് പോകുന്നത്. എന്നാൽ സിബിഡിസിയിൽ ബാങ്കുകൾ തമ്മിലുള്ള കൈമാറ്റമില്ല. സെൻട്രൽ ബാങ്ക് ആയ ആർബിഐ മാത്രമാണ് മധ്യത്തിൽ. ഒരു ഇ–റുപ്പി വോലറ്റിൽ നിന്ന് മറ്റൊരു വോലറ്റിലേക്കായിരിക്കും കൈമാറ്റം.
അച്ചടിച്ച കറൻസി കൈമാറുന്നതുപോലെ തന്നെ ഇടനിലക്കാരനില്ലാത്ത ഇടപാടായിരിക്കും ഇവ. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഒരു വ്യക്തിക്ക് അച്ചടിച്ച കറൻസി ഉപയോഗിച്ച് കടയിൽ നിന്ന് സാധനം വാങ്ങാമെന്നതുപോലെ ബാങ്ക് അക്കൗണ്ടില്ലാതെ ഒരാൾക്കും ഡിജിറ്റൽ ടോക്കൺ വിനിമയം ചെയ്യാം. കറൻസി പോക്കറ്റിലാണ് സൂക്ഷിക്കുന്നതെങ്കിൽ ഇ–റുപ്പി ഫോണിലെ നിശ്ചിത വോലറ്റിലായിരിക്കുമെന്നു മാത്രം.