ഈരാറ്റുപേട്ട: ബസുകളുടെയും ജീവനക്കാരുടെയും കുറവുമൂലം ബുദ്ധിമുട്ടുന്ന ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്ന് പിന്നെയും ബസുകൾ കുറഞ്ഞതോടെ യാത്രക്കാർ കൂടുതൽ ദുരിതത്തിലായി.
ഉത്സവസീസൺ ആരംഭിച്ചതോടെ മൂന്ന് ഫാസ്റ്റ് പാസഞ്ചർ ബസുകളും മൂന്ന് ഓർഡിനറി ബസുകളുമാണ് ഡിപ്പോയിൽനിന്ന് പിൻവലിച്ചത്. കോവിഡ് കാലത്ത് പിൻവലിച്ച ബസുകൾ ഡിപ്പോയിലേക്ക് തിരിച്ച് നൽകിയിട്ടില്ല. ഇതോടെ കെ.എസ്.ആർ.ടി.സി.യെ മാത്രം ആശ്രയിക്കുന്ന മലയോരമേഖലയിലെ യാത്രക്കാർ ദുരിതത്തിലായി.
പെരിങ്ങുളം-അടിവാരം റൂട്ടിൽ പത്ത് സർവീസുകളാണ് കഴിഞ്ഞ കാലങ്ങളിലായി അവസാനിപ്പിച്ചത്. ഇതോടെ വിദ്യാർഥികളും ദിവസവേതനക്കാരും വലയുകയാണ്. വെളുപ്പിന് 4.30-ന് ആരംഭിച്ച് രാത്രി 10 വരെ 16 സർവീസ് നടത്തിയിരുന്നു. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നിരന്തരമായ പരിശ്രമംകൊണ്ടായിരുന്നു ഈ സർവീസുകളെല്ലാം ആരംഭിച്ചത്.