ഭക്ഷണം വറുക്കാനടക്കം നമ്മള്‍ ഉപയോഗിക്കുന്ന ഫ്രൈയിംഗ് പാനില്‍ കേടുണ്ടെങ്കില്‍ അവ ഉടന്‍ മാറ്റണമെന്ന് ആരോഗ്യ വിദഗ്ധര്‍. ഇവയില്‍ പലതിലും ടെഫ്‌ളോണ്‍ കോട്ടിംഗുണ്ട്. മുട്ട പോലെയുളളവ പൊരിച്ചെടുക്കുമ്ബോള്‍ ഒട്ടിപ്പിടിക്കുന്നത് തടയാന്‍ ഇവ സഹായിക്കുന്നുണ്ട്.
പെര്‍ ആന്റ് പോളിഫ്‌ളോറിനേറ്റഡ് മെറ്റീരിയലുകള്‍ (പിഎഫ്‌എഎസ്) എന്ന രാസവസ്തുക്കളെ ഇവ മൂലം സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇവ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ തകര്‍ക്കുകയും കാന്‍സര്‍ രോഗത്തിന് വരെ ഇടയാക്കുമെന്നുമാണ് വിദഗ്ധര്‍ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ഓസ്ട്രേലിയയിലെ ഫ്‌ളിന്റേഴ്സ് സര്‍വകലാശാലയിലെ വിദഗ്ധര്‍ നടത്തിയ കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണ്. പാനില്‍ വെറും അഞ്ച് സെന്റീമീറ്റര്‍ ആഴത്തിലുളള ഒരു വരവീണാല്‍ അതില്‍ നിന്നും പാചകത്തിനിടെ ഈ രാസവസ്തുവിന്റെ 2.3 മില്യണ്‍ കണങ്ങള്‍ ഉണ്ടാകുമെന്നാണ് കണ്ടെത്തല്‍.
ഇതിന്റെ അപകടം എത്രയാണെന്ന് ഇനിയും പൂര്‍ണമായും കണ്ടെത്തിയിട്ടില്ല. പാനിലൂടെ പ്രകാശ തരംഗങ്ങള്‍ കടത്തിവിട്ട് നടത്തിയ പഠനത്തിലാണ് രാസവസ്തുക്കളുടെ അളവ് മനസിലാക്കാന്‍ കഴിഞ്ഞത്.
പാനിലുണ്ടാകുന്ന രാസവസ്തുക്കള്‍ ആഹാരത്തിലേക്ക് വളരെയെളുപ്പം പടരുന്നു. ഇത് ആഹാരം കഴിക്കുന്നവരില്‍ ഗുരുതര രോഗത്തിന് ഇടയാക്കുന്നു. നോണ്‍ സ്റ്റിക് പാനുകള്‍ ഉപയോഗിക്കുകയേ ചെയ്യരുതെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
പിഎഫ്‌എഎസ് എന്ന രാസവസ്തു ലോകപ്രശസ്ത ഭക്ഷ്യ ബ്രാന്‍ഡുകളിലെല്ലാം കാണപ്പെടുന്നുണ്ടെന്നാണ് കണ്ടെത്തല്‍. പ്‌ളാസ്റ്റിക്കിനെ കൂടുതല്‍ മൃദുവാക്കാന്‍ ഈ രാസവസ്തു ഉപയോഗിക്കുന്നുണ്ട്. പ്രത്യുല്‍പാദന പ്രശ്നങ്ങളും അസ്ഥിരോഗ പ്രശ്നങ്ങളും ഇവ ശരീരത്തില്‍ കലര്‍ന്നാല്‍ സംഭവിക്കുമെന്നാണ് പഠനങ്ങളില്‍ വെളിവാക്കുന്നത്. പുരുഷ ജനനേന്ദ്രിയത്തിനും ഇവ അപകടമുണ്ടാക്കുന്നതായാണ് 2020ല്‍ പുറത്തുവന്ന പഠനങ്ങളില്‍ തെളിഞ്ഞത്.