കാവുംകണ്ടം: കാവുംകണ്ടം പ്രദേശത്തെ തെരുവ് വിളക്കുകൾ മിഴിയടച്ചിട്ട് ഏറെ നാളായെന്നും കാൽ നടയാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെന്നും കാവുംകണ്ടം എ കെ സി സി, പിതൃവേദി യൂണിറ്റ് അഭിപ്രായപ്പെട്ടു.
രാത്രികാലങ്ങളിൽ മലമേഖലകളിൽ നിന്നും വരുന്ന നരികൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളും തെരുവ് നായ്ക്കളും കാൽനട യാത്രക്കാർക്ക് ഭീഷണിയായി മാറുന്ന സാഹചര്യമാണുള്ളത്.
തെരുവ് നായ്ക്കളുടെ കടിയേറ്റ് ആളുകൾക്കും വളർത്തു മൃഗങ്ങൾക്കും പരിക്കേറ്റ സാഹചര്യത്തിൽ രാത്രികാലങ്ങളിൽ വഴിവിളക്കുകൾ പ്രകാശിപ്പിക്കുവാൻ കടനാട് പഞ്ചായത്ത് അധികൃതരും കൊല്ലപ്പള്ളി കെ എസ് ഇ ബി ക്കാരും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കാവുംകണ്ടം എ കെ സി സി, പിതൃവേദി യോഗം ആവശ്യപ്പെട്ടു.
ഞായറാഴ്ച ദിവസം ഇടയ്ക്കിടെ വൈദ്യുതി പണിമുടക്ക് ഉണ്ടാകുന്നത് പ്രദേശവാസികളെ ഏറെ ബുദ്ധിമുട്ടിക്കുന്നതിൽ യോഗം പ്രതിഷേധിച്ചു. ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച തെരുവ് വിളക്കുകൾ നോക്കുകുത്തികളായി മാറിയെന്ന് യോഗം അഭിപ്രായപ്പെട്ടു.
കാവുംകണ്ടം പള്ളി വികാരി ഫാ. സ്കറിയ വേകത്താനം യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡേവിസ് കല്ലറയ്ക്കൽ, അഭിലാഷ് കോഴിക്കോട്ട്, തോമസ് കുമ്പളാങ്കൽ, ജിബിൻ കോഴിക്കോട്ട്, ജോജോ പടിഞ്ഞാറയിൽ, ജോസ് കോഴിക്കോട്ട് തുടങ്ങിയവർ പ്രസംഗിച്ചു.