പരിസ്ഥിതിലോല മേഖലയില്‍ പഞ്ചായത്ത്തല വിദഗ്ദ സമിതികള്‍ രൂപീകരിച്ച് ഗ്രൗണ്ട് സര്‍വ്വേയും പഠനവും നടത്തിവേണം ബഫര്‍ സോണ്‍ പരിധി സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടതെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞു.
നിലവില്‍ ഉപഗ്രഹ സര്‍വേയിലൂടെ തയ്യാറാക്കി സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടും ഭൂപടവും പൂര്‍ണ്ണമല്ലന്ന് പശ്ചിമഘട്ട ജനവാസമേഖലകളില്‍ നിന്നും പരാതി ഉയരുന്നതിനാലാണ് ബഫര്‍സോണില്‍ നേരിട്ടുള്ള പരിശോധന വേണമെന്ന ആവശ്യം ഉയരുന്നത്.
ബഫര്‍സോണ്‍ വിഷയം കേരളത്തിലെ സാധാരണക്കാരായ കര്‍ഷകരുടെയും മറ്റ് ജനവിഭാഗങ്ങളുടെയും ജീവിതം പ്രതിസന്ധിയിലേക്ക് തള്ളിവിട്ട സാഹചര്യത്തില്‍ പരിസ്ഥിതിലോല മേഖല വനത്തിനുള്ളില്‍ പുനര്‍നിര്‍ണ്ണയിക്കണമെന്ന ആവശ്യമാണ് കേരളാ കോണ്‍ഗ്രസ്(എം) വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സെന്‍ട്രല്‍ എംപവേഡ് കമ്മിറ്റി ചെയര്‍മാനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ ഭാഗമായുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി അതിലുള്‍പ്പെട്ട വില്ലേജുകളില്‍ ഗ്രൗണ്ട് സര്‍വേയും പഠനവും നടത്താന്‍ 2013 ല്‍ സംസ്ഥാന സര്‍ക്കാര്‍ പഞ്ചായത്ത് വില്ലേജ് തലത്തില്‍ വിദഗ്ധ സമിതികള്‍ രൂപീകരിച്ചിരുന്നു.
കേരളത്തില്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന എല്ലാ ബഫര്‍ സോണുകളിലും സമാനമായ പഠനം നടത്തുന്നതിന് 2013 ലെ അതേ മാതൃകയില്‍ പഞ്ചായത്തുതല വിദഗ്ധ സമിതികള്‍ രൂപീകരിക്കാനുള്ള അടിയന്തര ഉത്തരവ് ഉണ്ടാകണമെന്നും ഈ സമിതികള്‍ നിര്‍ദിഷ്ട സമയത്തിനുള്ളില്‍ തയ്യാറാക്കി നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കണം സംസ്ഥാന സര്‍ക്കാര്‍ സി.ഇ.സിക്ക് റിപ്പോര്‍ട്ട് നല്‍കേണ്ടതെന്നാണ് കേരളാ കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നത്.
ബഫര്‍സോണ്‍ സംബന്ധിച്ച് സുപ്രിംകോടതിയില്‍ വാദിക്കുമ്പോള്‍ ഇനം തിരിച്ചുള്ള നിര്‍മ്മിതികള്‍, കൃഷിയിടങ്ങള്‍, വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന മറ്റ് വസ്തുവകകള്‍ എന്നിവയുടെ കൃത്യമായ വിവരങ്ങള്‍ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ബഫര്‍സോണ്‍ നിര്‍ണ്ണയിക്കുമ്പോള്‍ ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്ന സുപ്രിംകോടതി പരാമര്‍ശത്തിന്റെ ആനുകൂല്യങ്ങള്‍ കേരളത്തിന് ലഭിക്കുവാന്‍ പിഴവുകളും പിശകുകളും ഇല്ലാത്ത സ്ഥിതിവിവര കണക്കുകളും ഭൂപടവും തയ്യാറാക്കേണ്ടതുണ്ടെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.