പാലായിൽ ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് 6 ഓഫീസുകൾ. പാലായിലെ പഴയ ഗവൺമെന്റ് സ്കൂൾ കെട്ടിടം വലിയ അപകടത്തിലാണെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത അറ്റകുറ്റപ്പണികൾ അത്യാവശ്യമായി ചെയ്യേണ്ട കെട്ടിടത്തിൽ അംഗൻവാടിയും മറ്റു ഓഫീസുകളും പ്രവർത്തിക്കുന്നുണ്ട്. വളരെ അപകടത്തിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഫിറ്റ്നസ് സംബന്ധമായ പരിശോധന റിപ്പോർട്ട് ഇതുവരെ നൽകിയിട്ടില്ല.
കെട്ടിടത്തിന്റെ അപകടാവസ്ഥ ഗൗരവമായി കാണണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു. പാലാ സിവിൽ സ്റ്റേഷൻ സമീപം ഗവൺമെന്റ് യുപി സ്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ പരിശോധന നടത്തി ഫിറ്റ്നസ് സംബന്ധമായ പരിശോധന റിപ്പോർട്ട് നാളിതുവരെ നൽകിയില്ലെങ്കിൽ ഒരു മാസത്തിനകം നൽകണമെന്ന് കമ്മീഷൻ പാലാ നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകി.
പാലാ ഗവൺമെന്റ് യുപി സ്കൂളിന്റെ ശോചനീയാവസ്ഥക്കെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി. അംഗനവാടി സ്കൗട്ട് ആൻഡ് ഗൈഡ് തുടങ്ങി ആറോളം ഓഫീസുകൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത്. അംഗനവാടിക്ക് ഫിറ്റ്നസ് ഉണ്ടെന്നാണ് നഗരസഭ കമ്മീഷനെ അറിയിച്ചത്.
കെട്ടിടത്തിന്റെ ഫിറ്റ്നസ് ആധികാരികമായി പരിശോധിക്കാൻ നഗരസഭയ്ക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും പരിശോധന റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസ സെക്രട്ടറി കമ്മീഷണനെ അറിയിച്ചു. കുഞ്ഞുങ്ങളുടെ ജീവനും വരെ ഭീഷണി ഉയർത്തിക്കൊണ്ടാണ് കെട്ടിടം നിലനിൽക്കുന്നത്. പാലാ സ്വദേശി പി പോത്തൻ സമർപ്പിച്ച പരാതിയിലാണ് നടപടി.