രണ്ടര പതിറ്റാണ്ടുകാലം പാലാ റോഡിൽ സർവീസ് നടത്തിയിരുന്ന എവറസ്റ്റ് ബസിന്റെ സുപരിചിതമായ പേര് ഇനി ഓർമകളിൽ മാത്രം. എവറസ്റ്റ് എന്ന പേര് 'മാറാനാത്ത' എന്നാകും.
നീലൂരുകാരുടെ സ്വന്തം ബസ് പുതിയ ഉടമയുടെ കൈകളിലെത്തും. എവറസ്റ്റ് മോട്ടോഴ്സ് ഉടമ കിടങ്ങൂർ നീരോലിക്കൽ എൻ.എം.ലൂക്കാ തന്റെ അഞ്ചു ബസുകളും റൂട്ട് അടക്കം പൊൻകുന്നം മാണാക്കുഴിയിൽ ഫിലിപ്പ് ജോസിന് വിറ്റു.
ഫിലിപ്പ് ജോസ് ബസിന്റെ പേരുകൾ മാറ്റുമെങ്കിലും റൂട്ടിന് വ്യത്യാസമില്ല. പഴയ തൊഴിലാളികൾക്ക് താൽപര്യമുണ്ടെങ്കിൽ നിലനിർത്തും. ഏഴു ബസുകൾ കൂടി ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ട്. കിഡ്നി രോഗത്തെ തുടർന്നാണ് ഏറെ പ്രിയപ്പെട്ട ബസുകൾ വിൽക്കുന്നതെന്നു എവറസ്റ്റ് ലൂക്കാച്ചൻ പറയുന്നു. 14മാസമായി ബസിൽ പോകുന്നില്ല.
എവറസ്റ്റ് എന്ന പേരിൽ സർവീസ് നടത്തിയിരുന്ന ബസ് 1996 ലാണ് ലൂക്കാച്ചൻ വാങ്ങിയത്. ചെറിയ വാഹനങ്ങളുടെ കച്ചവടമായിരുന്നു. ഇത് അവസാനിപ്പിച്ചാണ് ബസ് മേഖലയിലേക്ക് തിരിഞ്ഞത്. കോട്ടയം തിരുവാതുക്കൽ സ്വദേശി ഒ.എസ്.രാജേന്ദ്രനിൽ നിന്നാണ് ബസ് വാങ്ങിയത്.
എവറസ്റ്റ് എന്നായിരുന്നു അതിന്റെയും പേര്. കോട്ടയം–കുന്നോന്നി റൂട്ടായിരുന്നു.കോട്ടയം – പാലാ–നീലൂർ റൂട്ട് (2 എണ്ണം), കോട്ടയം–പാലാ–മേലുകാവുമറ്റം, കോട്ടയം–പാലാ–പൈക, കോട്ടയം–പാലാ–പാതാമ്പുഴ എന്നീ റൂട്ടുകളിലാണ് എവറസ്റ്റ് നിലവിൽ സർവീസ് നടത്തിയിരുന്നത്. ഉയരങ്ങളെ അടയാളപ്പെടുത്തുന്ന പേരായതിനാൽ അത് മാറ്റിയില്ല. പിന്നീട് തന്റെയും കുടുംബത്തിന്റെയും അടയാളമായി വാഹനം മാറുകയായിരുന്നു– ലൂക്കാച്ചൻ പറഞ്ഞു.
നാല് മക്കളിൽ ലിൻസൻ, ലിജോ, ബിബിൻ എന്നിവരാണ് വാഹനങ്ങളുടെ കാര്യങ്ങൾ നോക്കിയിരുന്നത്. പതിവായി കാത്തുനിന്നു കയറുന്ന യാത്രക്കാരുടെ പിന്തുണ ഉള്ളതിനാൽ ഒരിക്കൽപോലും ഇന്ധനവിലവർധന, മറ്റു പ്രശ്നങ്ങൾ ബാധിച്ചില്ലെന്നു ലൂക്കാച്ചൻ പറയുന്നു. കോവിഡിന്റെ സമയത്ത് തൊഴിലാളികൾക്ക് ആവശ്യമായ സാധനങ്ങൾ നൽകാൻ സാധിച്ചിരുന്നു.
വൃക്ക മാറ്റിവയ്ക്കാനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. അത്മബന്ധം മുറിയുന്നതിന്റെ വേദനയുണ്ടെങ്കിലും സാഹചര്യങ്ങളുടെ സമ്മർദം ബസുകളുടെ കൈമാറ്റത്തിന് പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു.