ആലപ്പുഴ: ഗൃഹനാഥനെ അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച മരുമകളും സുഹൃത്തും അറസ്റ്റിൽ. നൂറനാട് പുലിമേൽ തുണ്ടത്തിൽ വീട്ടിൽ രാജു(56)വിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് മരുമകൾ ശ്രീലക്ഷ്മി(24), സുഹൃത്ത് ബിപിൻ(29) എന്നിവരെ അറസ്റ്റ് ചെയ്തത്.
ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്ന രാജുവിനെ വീടിന് സമീപത്ത് വച്ച് ഒരാൾ കമ്പിവടി കൊണ്ട് അടിച്ചു വീഴ്‌ത്താൻ ശ്രമിക്കുകയായിരുന്നു.
ആക്രമിച്ചയാൾ ഹെൽമെറ്റും ധരിച്ചിരുന്നു. ഇയാൾ ആരാണെന്നോ എന്തിന് വേണ്ടിയാണ് ആക്രമിച്ചതെന്നോ രാജുവിന് മനസിലായില്ല. തുടർന്ന് രാജു പോലീസിൽ പരാതി നൽകി.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരാൾ വാഹനത്തിൽ കയറി പോകുന്നത് കണ്ടെങ്കിലും വ്യക്തത ലഭിച്ചില്ല. കഴിഞ്ഞ മാസം 29നായിരുന്നു കേസിനാസ്പദമായ സംഭവം.
അതേസമയം സംഭവദിവസം രാജു മരുമകളുമായി വഴക്കിട്ടുവെന്ന വിവരം പോലീസിന് ലഭിച്ചു. കുട്ടിയെ വേണ്ടവിധം പരിചരിക്കുന്നില്ലെന്നത് സംബന്ധിച്ചായിരുന്നു വഴക്ക്. ഈ വഴിക്ക് അന്വേഷണം നടത്തിയപ്പോഴാണ് ആക്രമണം ആസൂത്രണം ചെയ്തത് ശ്രീലക്ഷ്മിയാണെന്ന് കണ്ടെത്തിയത്.
രാജുവുമായി വഴക്ക് ഉണ്ടായ വിവരം ശ്രീലക്ഷ്മി സുഹൃത്തായ ബിപിനെ വിളിച്ച് അറിയിച്ചിരുന്നു. പിന്നാലെയാണ് ബിപിൻ എത്തി രാജുവിനെ ആക്രമിച്ചത്. അടിക്കാൻ ഉപയോഗിച്ച കമ്പിവടിയും പ്രതിയുടെ സ്‌കൂട്ടറും പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.