ലോകകപ്പ് ആവേശം ഒട്ടുംചോരാതെ ആരാധകരിലേയ്ക്കെത്തിക്കാനൊരുങ്ങുകയാണ് പാലാ നഗരസഭ. എൽഇഡി ബിഗ് സ്‌ക്രീനില്‍ ലോകകപ്പ് സെമി ഫൈനൽ, ഫൈനല്‍ മത്സരങ്ങള്‍ കാണാനുള്ള സൗകര്യം പാലാ ടൗൺ ഹാളിലാണ് ഒരുക്കുന്നത്. 14 നാണ് ആദ്യ പ്രദർശനം.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പാലാ യൂണിറ്റും. പാലാ നഗരസഭയും സംയുക്തമായിട്ടാണ് ഫുട്ബോൾ ആരാധകർക്കായി ഇത്തരത്തിൽ ഒരു ക്രമീകരണം ഒരുക്കുന്നത്. പ്രദർശനം സൗജന്യമാണ്.
പാലാ നഗരസഭ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് മുൻ എം.പി വക്കച്ചൻ മറ്റത്തിൽ, യൂത്ത് വിംഗ് പ്രസിഡൻ്റ് ആൻ്റണി അഗസ്റ്റ്യൻ കുറ്റിയാങ്കൽ, സെക്രട്ടറി ജോൺ, ട്രഷറർ എബി സൺ ജോസ്, പ്രോഗ്രാം കോഡിനേറ്റർ ബൈജു കൊല്ലംപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകും. ജോസ് കെ മാണി എം.പി സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കും.
ലോക ഫുട്ബോളിലെ വമ്പൻമാരുടെ ഡിസംബർ 14, 15 തീയതികളിലെ സെമി ഫൈനൽ മത്സരങ്ങളും 18 ന് ചാമ്പ്യന്മാർക്കുള്ള ഫൈനൽ ആവേശപോരാട്ടവുമാണ് സ്ക്രീനിൽ പ്രദർശിപ്പിക്കുന്നത്.
ഡിസംബര്‍ 14ന് ആദ്യ സെമി ഫൈനൽ മത്സരം അര്‍ജന്റീനയും – ക്രൊയേഷ്യയും തമ്മിലാണ്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30-നാണ് മത്സരം. 15നാണ് ഫ്രാന്‍സും – മൊറോക്കൊയും തമ്മിലുള്ള സെമി പോരാട്ടം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30-നാണ് മത്സരം.
ഫുട്ബോൾ പ്രേമികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.