ഇന്ത്യ ആഥിത്യം വഹിക്കുന്ന ജി 20 സമ്മേളനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടു രാഷ്ട്രപതി ഭവനിൽ നടത്തിയ സർവകക്ഷിയോഗത്തിനെത്തിയ നേതാക്കളെ ഹസ്തദാനം ചെയ്തും കുശലം ചോദിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി.
മല്ലികാർജുൻ ഖർഗെ, സീതാറാം യച്ചൂരി ഉൾപ്പെടെയുള്ള നേതാക്കളോട് കുശലാനേഷ്വണം നടത്തിയ പ്രധാനമന്ത്രി, മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ കൈ ചേർത്തുപിടിച്ചു. ഓരോ നേതാക്കളുടെയും അടുത്തെത്തിയാണ് പ്രധാനമന്ത്രി സൗഹൃദം പുതുക്കിയത്. അതേസമയം യോഗത്തിൽ പങ്കെടുക്കാനെത്തിയ ഏക മലയാളി നേതാവായിരുന്നു കേരള കോൺഗ്രസ് (എം) ചെയർമാനും രാജ്യസഭാ എംപിയുമായ ജോസ് കെ.മാണി.
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് മേധാവിയുമായ മമത ബാനർജി, ഒഡിഷ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീൻ പട്‌നായിക്, ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ (എഎപി) അരവിന്ദ് കേജ്‌രിവാൾ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈഎസ്ആർ കോൺഗ്രസ് നേതാവുമായ ജഗൻ മോഹൻ റെഡ്ഡി, തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ.സ്റ്റാലിൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, തെലുങ്ക് ദേശം പാർട്ടി (ടിഡിപി) നേതാവ് എൻ.ചന്ദ്രബാബു നായിഡു, കേരള കോൺഗ്രസ് (എം) ചെയർമാനും രാജ്യസഭാ എംപിയുമായ ജോസ് കെ.മാണി എന്നിവരുൾപ്പെടെ വിവിധ പാർട്ടി നേതാക്കളും മുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.