തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ വനിതാ കണ്ടക്ടർ ഇരിക്കുന്ന സീറ്റിൽ ഇനി സ്ത്രീ യാത്രക്കാരെ മാത്രമേ അനുവദിക്കൂ. ഇത് സംബന്ധിച്ച ഉത്തരവ് രണ്ട് വർഷം മുമ്പ് ഇറക്കിയിരുന്നു. എന്നാൽ ഉത്തരവിനെ പറ്റി യാത്രക്കാർക്ക് വ്യക്തമായ ധാരണയില്ലാത്തതിനാൽ ഇപ്പോഴാണ് ബസുകളിൽ കെഎസ്ആർടിസി നോട്ടീസ് പതിപ്പിച്ചു തുടങ്ങിയത്.
ബസിൽ അടുത്തിരിക്കുന്ന പുരുഷ യാത്രക്കാരിൽ നിന്ന് മോശം അനുഭവം ഉണ്ടാകുന്നതായി വനിതാ കണ്ടക്ടര്‍മാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. 2020ലാണ് ഇത് സംബന്ധിച്ച ആദ്യ ഉത്തരവ് കെഎസ്ആർടിസി ഇറക്കിയത്. എന്നാൽ വീണ്ടും പരാതി ഉയർന്നപ്പോഴാണ് ബസുകളിൽ ഇത് സംബന്ധിച്ച നോട്ടീസ് പുറത്തിറക്കാൻ തീരുമാനിച്ചത്.
ബസിന്റെ വാതിലിനുസമീപം രണ്ടുപേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സീറ്റിലാണ് കണ്ടക്ടര്‍ക്ക് ഇരിപ്പിടം അനുവദിച്ചിട്ടുള്ളത്. ഈ സീറ്റിൽ ഇനി പുരുഷ യാത്രക്കാർക്ക് യാത്ര ചെയ്യാൻ സാധ്യമല്ല.