തിരുവനന്തപുരം: ഉപയോക്താക്കള്‍ക്ക് വലിയ രീതിയിലുള്ള സാമ്പത്തിക ബാദ്ധ്യത വരുത്തുന്ന രീതിയില്‍ സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാനുള്ള നീക്കവുമായി കെഎസ്‌ഇബി. നിലവിലെ തീരുമാനമനുസരിച്ച് സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിച്ചാല്‍ ഒരു ഉപഭോക്താവിന് 9000 രൂപ വരെ മുടക്കേണ്ടിവരും.
പദ്ധതി നടപ്പാക്കുന്നതിന് വൈദ്യുതി ബോര്‍ഡിലെ വിതരണ വിഭാഗം ഡയറക്ടര്‍ക്ക് വ്യക്തിതാല്‍പര്യമുണ്ടെന്നാണ് സിഐടിയു യൂണിയന്റെ ആരോപണം. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ പദ്ധതി നടപ്പാക്കാന്‍ പാടുള്ളു എന്ന് ചൂണ്ടിക്കാട്ടി സംഘടനകള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിനോട് എതിര്‍പ്പില്ലെങ്കിലും വൈദ്യുതി ബോര്‍ഡ് മാനേജ്മെന്റിന്റെ ഇപ്പോഴത്തെ നീക്കം 7830 കോടി രൂപയുടെ അധിക ബാദ്ധ്യത വരുത്തുമെന്നാണ് സംഘടനകളുടെ മുന്നറിയിപ്പ്.
പദ്ധതിക്കായി റൂറല്‍ ഇലക്‌ട്രിഫിക്കേഷന്‍ കോര്‍പ്പറേഷനുമായി ധാരണാപത്രം ഒപ്പിടുന്നതിന് മുന്നോടിയായി ഊര്‍ജവകുപ്പ് സെക്രട്ടറിയും ജീവനക്കാരുടെ സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു.
അതേസമയം, പദ്ധതിയുമായി മുന്നോട്ട് പോകുന്നതില്‍ വിതരണ വിഭാഗം ഡയറക്ടര്‍ക്ക് വ്യക്തിതാല്‍പ്പര്യമുണ്ടെന്ന് ബോര്‍ഡിലെ ഏക അംഗീകൃത യൂണിയനായ കെഎസ്‌ഇബി വര്‍ക്കേഴ്സ് അസോസിയേഷനും ആരോപിക്കുന്നു. മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ പദ്ധതി നടപ്പാക്കാവൂ എന്നാവശ്യപ്പെട്ട് സിഐടിയു നേതാവ് എളമരം കരീം എഐടിയുസിയുടെ കെ പി രാജേന്ദ്രന്‍, ഐഎന്‍ടിയുസിയുടെ ആര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.