സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ റേഷൻ കടകളെയും നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന 'കെ സ്റ്റോർ' ആക്കി മാറ്റാനൊരുങ്ങി സംസ്ഥാന സർക്കാർ. റേഷൻ വിതരണത്തിനു പുറമെ മറ്റു സാധനങ്ങളും വിൽക്കുന്ന തരത്തിൽ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
മുൻപ് മറ്റ് അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവുള്ള സ്ഥലങ്ങളിൽ കെ- സ്റ്റോർ നടപ്പാക്കുമെന്നായിരുന്നു സർക്കാർ വ്യക്തമാക്കിയിരുന്നതെങ്കിൽ കേരളത്തിലെ എല്ലാ റേഷൻകടകളെയും പുതിയ ബ്രാൻഡിൽ റീ-ബ്രാൻഡ് ചെയ്യാനാണ് ഇപ്പോഴത്തെ പദ്ധതി.
ആവശ്യക്കാർക്ക് റേഷൻ കടകൾ വഴി നിത്യോപയോഗ സാധനങ്ങൾ ലഭ്യമാകുന്നതോടൊപ്പം റേഷൻ ഡീലർമാർക്ക് കൂടുതൽ വരുമാനവും ലഭിക്കും. ഇത്തരത്തിൽ റേഷൻ കടകളെ ഒരു ചെറിയ സൂപ്പർമാർക്കറ്റ്, മൈക്രോ എടിഎം രൂപത്തിലേയ്ക്ക് മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കെ സ്റ്റോറുകളാക്കി മാറ്റിയാലും നിലവിൽ റേഷൻ കടകളിൽ നിന്നു ലഭിക്കുന്ന സേവനങ്ങളും ഉത്പന്നങ്ങളും അതേപടി തുടരും. ഇതിനു പുറമെയാണ് ബാങ്കിടപാടുകൾ, എൽപിജി സിലിണ്ടറുകൾ, സപ്ലൈകോ ഉത്പന്നങ്ങൾ തുടങ്ങിയവയും ലഭ്യമാക്കുക.
മിൽമ പാലുത്പന്നങ്ങളും കെ സ്റ്റോറുകളിൽ നിന്ന് ലഭിക്കും. ചുരുങ്ങിയത് 300 ചതുരശ്ര അടി വലുപ്പമുള്ള കടകൾക്കാണ് കെ-സ്റ്റോർ ലൈസൻസ് അനുവദിക്കുക എന്നായിരുന്നു സർക്കാർ ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാൽ എല്ലാ റേഷൻ കടകളിലും മാറ്റം വരുന്ന സാഹചര്യത്തിൽ ഈ നിബന്ധന ഉണ്ടാകുമോ എന്ന് ഉറപ്പില്ല.
കെ-സ്റ്റോറുകൾ ആകുന്നതോടെ നിലവിൽ മാവലി സ്റ്റോറുകളിൽ സബ്സിഡിയോടെ വിൽക്കുന്ന 13 ഇനം സാധനങ്ങൾ റേഷൻ കടകൾ വഴി ലഭിക്കും. കൂടാതെ അഞ്ച് കിലോഗ്രാം തൂക്കം വരുന്ന ഇന്ത്യൻ ഓയിൽ ഛോട്ടു ഗ്യാസ് സിലിണ്ടറും റേഷൻ കടയിൽ ലഭിക്കും. വെള്ളത്തിൻ്റെയും വൈദ്യുതിയുടെയും ബില്ലുകൾ അടയ്ക്കാനുള്ള സൗകര്യവും റേഷൻ കടയിൽ ഉണ്ടാകും എന്നും സർക്കാർ വാഗ്ദാനമുണ്ട്.