ന്യൂഡല്‍ഹി: കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം നിരോധിച്ച ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് സുപ്രീം കോടതി മരവിപ്പിച്ചു. പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി നല്‍കിയ പുതിയ സ്‌കീം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് സുപ്രീം കോടതി തേടി.
മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെയും കാല്‍നട യാത്രക്കാരുടെയും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന പരസ്യങ്ങള്‍ ഇനിമുതല്‍ ബസുകളില്‍ പതിക്കില്ലെന്ന് വ്യക്തമാക്കുന്ന സ്‌കീമാണ് കെഎസ്ആര്‍ടിസി സുപ്രീം കോടതിക്ക് കൈമാറിയത്.
മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പാലിച്ച് ബസുകളുടെ വശങ്ങളിലും പിന്‍ഭാഗത്തും മാത്രമേ പരസ്യംപതിക്കുന്നുള്ളുവെന്നും സ്‌കീമില്‍ കെഎസ്ആര്‍ടിസി വ്യക്തമാക്കിയിട്ടുണ്ട്. ഈ സ്‌കീമിനെ കുറിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് സുപ്രീം കോടതി തേടിയത്.
സ്‌കീമിലെ മറ്റ് നിര്‍ദേശങ്ങള്‍ ഇവയാണ്. പരസ്യങ്ങള്‍ പരിശോധിക്കുന്നതിനും അനുമതി നല്‍കുന്നതിനും എംഡിയുടെ അധ്യക്ഷതയില്‍ സമിതി രൂപീകരിക്കും. പതിച്ച പരസ്യങ്ങള്‍ക്ക് എതിരായ പരാതി പരിശോധിക്കുന്നതിന് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയില്‍ മറ്റൊരു സമിതിക്ക് രൂപം നല്‍കുമെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.