ഇടുക്കി: മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ റോസ് ഗാർഡന് സമീപമാണ് സംഭവം.
മലപ്പുറത്ത് നിന്ന് മൂന്നാർ സന്ദര്‍ശനത്തിനെത്തിയ മൂന്ന് പേർ സഞ്ചരിച്ച കാര്‍ ഓട്ടത്തിനിടെ തീ പിടിക്കുകയായിരുന്നു.
വാഹനം മൂന്നാര്‍ റോസ് ഗാർഡന് സമീപമെത്തിയപ്പോള്‍ നിന്നുപോയി. തുടര്‍ന്ന് റോഡ് സൈഡില്‍ വാഹനം പാര്‍ക്ക് ചെയ്ത് വർക്ക് ഷോപ്പിൽ നിന്നും ആളെ വിളിച്ചുകൊണ്ടുവന്ന് വാഹനം കാണിച്ചു. എന്നാല്‍ മൂന്നാറിലെ തണുപ്പ് കാരണമാകാം വാഹനം നിന്ന് പോയതാണെന്നും കുറച്ച് കഴിഞ്ഞ് സ്റ്റാര്‍ട്ട് ചെയ്താല്‍ മതിയെന്നുമാണ് വര്‍ക്ക് ഷോപ്പുകാരന്‍ പറഞ്ഞത്.
പിന്നീട് ഡ്രൈവറും മറ്റ് മൂന്ന് പേരും വാഹനം സ്റ്റാര്‍ട്ടാക്കി അല്പദൂരം മുന്നോട്ട് പോകുന്നതിനിടെ വാഹനത്തില്‍ നിന്നും പുക ഉയരുകയായിരുന്നു.
ഡ്രൈവറും യാത്രക്കാരും പെട്ടെന്ന് തന്നെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങി. തൊട്ട് പിന്നാലെ കാര്‍ കത്തുകയായിരുന്നു. വാഹനത്തിന്‍റെ സെന്‍റര്‍ ലോക്ക് വീഴാതിരുന്നത് യാത്രക്കാര്‍ക്ക് രക്ഷയായി. കാർ ഭാഗിഗമായി കത്തി നശിച്ചു.