ഗാന്ധിനഗർ: അയർക്കുന്നത്തും നട്ടാശ്ശേരിയിലും തെരുവുനായ് ആക്രമണം. 11പേർക്ക് പരിക്ക്. ഒമ്പതുപേർ മെഡിക്കൽ കോളജിൽ ചികിത്സ തേടി രണ്ടു പേർ ജില്ല ആശുപത്രിയിലും.
അയർക്കുന്നത്ത് ഗവ. ഹൈസ്ക്കൂളിലെയും എം.ജി.എം എൻ.എസ്.എസ് ഹൈസ്കൂളിലെയും വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. ഇവർ സ്കൂളിലേക്ക് പോകുന്നതിനിടെ തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
അമയന്നൂർ പുളിയംപന്തംമാക്കൽ സന്തോഷിന്റെ മകൻ ആദിത്യൻ (10), കല്ലേപുരക്കൽ ലീലാമ്മയുടെ മകൾ അഭിരാമി (13), അമയ (10), അമൃത (13) എന്നീ വിദ്യാർഥികൾക്കാണ് കടിയേറ്റത്. വിദ്യാർഥികളുടെ കൈക്കും കാലിനും കടിയേറ്റിട്ടുണ്ട്. ഉടൻതന്നെ പാമ്പാടി ഗവ. ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും എത്തിക്കുകയായിരുന്നു. നായെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തി.
നട്ടാശ്ശേരിയിൽ ഏഴുപേർക്കാണ് തെരുവുനായുടെ കടിയേറ്റത്. അഞ്ചു വയസ്സുകാരന് ധ്യാന്‍ ഗിരീഷ്, പാറമ്പുഴ മൈലാടുംപാറ സൂസൻ (58), നട്ടാശ്ശേരിയിൽ താമസിക്കുന്ന അന്തർ സംസ്ഥാനക്കാരൻ അഷ്ബുൾ (27), നട്ടാശ്ശേരി സ്വദേശികളായ ജനാർദനൻ (65), ഗോപാലകൃഷ്ണൻ നായർ (68), സോമശേഖരൻ(70), ഏലമ്മ എന്നിവർക്കാണ് പരിക്കേറ്റത്. കണ്ണിനും കൈക്കും കാലിനുമാണ് പരിക്കേറ്റത്.