20 കോടിരൂപ മുടക്കി ഒരു വളർത്തുനായയെ സ്വന്തമാക്കിയിരിക്കുകയാണ് ബെംഗളൂരു നഗരത്തിലെ കെന്നൽ ക്ലബ് ഉടമയായ സതീഷ്. ഒന്നരവയസ്സ് വരുന്ന കൊക്കേഷ്യൻ ഷെപ്പേർഡ് ഇനത്തിൽപെട്ട നായ്ക്കുട്ടിയെയാണ് സതീഷ് ഹൈദരാബാദിൽ നിന്ന് 6 മാസം മുൻപ് വാങ്ങിയത്.
കാഡബോം ഹെയ്ഡർ എന്നാണ് ഈ നായക്കുട്ടിക്ക് പേരിട്ടിരിക്കുന്നത്. നേരത്തെയും വൻ വില കൊടുത്ത് സതീഷ് ഇഷ്ട നായ്ക്കളെ സ്വന്തമാക്കിയിരുന്നു. ടിബറ്റൻ മാസ്റ്റിഫിനെ 10 കോടിരൂപയ്ക്കും അലാസ്കിയൻ മലമൂട്ടിനെ 8 കോടിരൂപയ്ക്കും കൊറിയൻ മാസ്റ്റിഫിനെ 1 കോടി രൂപയ്ക്കുമാണ് സതീഷ് വാങ്ങിയത്.
റഷ്യ, തുർക്കി, അർമേനിയ രാജ്യങ്ങളിൽ കണ്ടുവരുന്ന കൊക്കേഷ്യൻ നായകൾ മികച്ച കാവൽക്കാരായാണ് അറിയപ്പെടുന്നത്. പഴയ സോവിയറ്റ് യൂണിയനിലെ ബ്രീഡർമാരാണ് കൊക്കേഷ്യൻ വിഭാഗത്തെ സൃഷ്ടിച്ചെടുത്തത്. ഒരു കൊക്കേഷ്യൻ ഷെപ്പേർഡിന്റെ ശരാശരി ഉയരം 23-30 ഇഞ്ച് ആണ്. ഭാരം എന്നുപറയുന്നത് 45 മുതൽ 77 കിലോഗ്രാം വരെയാണ്. 10 മുതൽ 12 വർഷം വരെയാണ് ആയുസ്സ്.