കന്നി വിമാനയാത്രയ്ക്ക് തയാറെടുത്ത് തൊഴിലുറപ്പ് തൊഴിലാളികൾ. കോട്ടയം പനച്ചിക്കാട് ഗ്രാമപ്പഞ്ചായത്തിലെ വിളക്കാംകുന്ന് വാർഡിലെ തൊഴിലാളികളായ 21 സ്ത്രീകളാണ് യാത്രയ്ക്ക് ഒരുങ്ങുന്നത്.
റിപ്പബ്ലിക് ദിനത്തിൽ രാവിലെ 6.45നു നെടുമ്പാശേരിയിൽ നിന്നു ബെംഗളൂരുവിലേക്കാണ് വിമാന യാത്ര. അന്നു പകൽ ബെംഗളൂരു മുഴുവൻ ചുറ്റിക്കറങ്ങി രാത്രിയിൽ ഗരീബ് രഥ് എക്സ്പ്രസിൽ കോട്ടയത്തേക്ക് മടങ്ങും.
തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിതകർമ സേന എന്നീ വിഭാഗങ്ങളിൽ പണിയെടുക്കുന്ന സ്ത്രീകളിൽ 77 വയസ്സുള്ള അമ്മൂമ്മയും ആകാശപ്പറക്കലിനു ബുക്ക് ചെയ്തു.
ഇങ്ങനെയൊരു ആശയം മുന്നോട്ടുവച്ചത് ഗ്രൂപ്പിനു നേതൃത്വം നൽകുന്ന സാലി രാജനാണ്. കണ്ണൂരിലെ തൊഴിലുറപ്പ് തൊഴിലാളികൾ വാട്സാപ്പിൽ കൈമാറിയ വിമാന യാത്രയുടെ ഫോട്ടോയാണ് ഇവർക്ക് പ്രചോദനമായത്. ഈ വിവരം ഗ്രൂപ്പിൽ പങ്കുവച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും വാർഡ് അംഗവുമായ എബിസൺ കെ. ഏബ്രഹാമിൽ നിന്നു യാത്രയ്ക്ക് പച്ചക്കൊടി കിട്ടിയതോടെ മുന്നൊരുക്കങ്ങൾ ആരംഭിച്ചു.
ഒരു വർഷം മുൻപ് മുതൽ തൊഴിലാളികൾ ഓരോരുത്തരും കൂലിയിൽ നിന്നു ചെറിയ തുക മാറ്റിവച്ച് യാത്രാച്ചെലവിനു ആകെ 73,000 രൂപ സ്വരൂപിച്ചതോടെ ടിക്കറ്റുകൾ ബുക്ക് ചെയ്തു. പനച്ചിക്കാട്ടു നിന്നു നെടുമ്പാശേരിയിലെത്താൻ വാനും ഏർപ്പാടാക്കി.
കൂടുതൽ പേരും 50 വയസ്സിനു മുകളിലുള്ളവരാണ്. ചിലർ ട്രെയിൻ യാത്ര ചെയ്തിട്ടുണ്ട്. എന്നാൽ കേരളത്തിനു പുറത്തുള്ള യാത്ര ആദ്യമാണ്. 70 വയസ്സിനു മുകളിലുള്ള 2 പേരുണ്ട്.