പാലാ: നഗരഹൃദയത്തിലൂടെയുള്ള റിവർവ്യൂ റോഡ് കൊട്ടാരമറ്റത്തേക്ക് മീനച്ചിലാറിൻ്റെ തീരം വഴി നീട്ടുന്നതിനായുള്ള ആകാശപാത നിർമ്മാണത്തിൽ ഉണ്ടായ ഭൂമിതർക്കം ആരുടേയും കണ്ണീർ വീഴ്ത്താതെ രമ്യമായി ഉടൻ പരിഹരിക്കപ്പെടുമെന്നും റവന്യൂ, പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്ക പരിശോധനയും ചർച്ചയും പൂർത്തിയാക്കി പദ്ധതിക്കായുള്ള അവശേഷിക്കപ്പെടുന്ന ഭൂമി ഏറ്റെടുക്കലിൽ വിട്ടുപോയ സ്വകാര്യ ഭൂമികൂടി ന്യായമായ നഷ്ട പരിഹാരം ഉറപ്പുവരുത്തി ഏറ്റെടുക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചുകഴിഞ്ഞതായും നിർമ്മാണ സ്ഥലം സന്ദർശിച്ച ജോസ് കെ മാണി എംപി പറഞ്ഞു.
ഭൂമിതർക്കത്തെ തുടർന്ന് നിർത്തിവയ്ക്കേണ്ടി വന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസുമായി നടത്തിയ ചർച്ചയെ തുടർന്ന് പുനരാരംഭിച്ചിട്ടുണ്ട്. അനുകൂല കാലാവസ്ഥയിൽ വേനൽമഴയ്ക്ക് മുമ്പായി പണികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം അറിയിച്ചു.
സമയബന്ധിതമായി ഏലിവേറ്റഡ് ഹൈവേ നിർമ്മാണം പൂർത്തിയാക്കുവാൻ ഉടൻ ഇടപെടൽ എൽ.ഡി.എഫ് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിരുന്നു. രണ്ടാം ഘട്ടം റിംങ് റോഡിൻ്റെ വിശദമായ എസ്റ്റിമേറ്റിനായുള്ള ടോപ്പോ ഗ്രാഫിക് സർവ്വേയ്ക്കും ഇന്നു തുടക്കം കുറിച്ചതായി ജോസ് കെ മാണി പറഞ്ഞു.