പാലാ: സമാന്തര റോഡിലെ രണ്ടാം ഘട്ടത്തിൻ്റെ തുടക്കത്തിലും അവസാന ഭാഗത്തും ഉണ്ടായിരുന്ന ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച തടസ്സപ്പെടുത്തലുകൾ നീക്കി ഭൂമി ഏറ്റെടുക്കൽ നടപ്പാക്കിയത് എൽ.ഡി.എഫിൻ്റെയും പൊതുമരാമത്ത്, റവന്യൂ വകുപ്പുകളുടെ കർശനമായ ഇടപെടലുകൾ കൊണ്ടുമാത്രമാണെന്ന് എൽ.ഡി.എഫ് നേതാക്കളായ സി.പി.എം ഏരിയ സെക്രട്ടറി പി.എം ജോസഫ്, കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ.കെ.അലക്സ്, മുൻ മുനിസിപ്പൽ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര എന്നിവർ പറഞ്ഞു.
ഭൂമി ഏറ്റെടുക്കലിനായി വർഷങ്ങൾ മുന്നേ പണം അനുവദിച്ചിട്ടും തടസ്സപ്പെടുത്തലുകളാണ് തുടരെ ഉണ്ടായത്. മുഴുവൻ ഭാഗങ്ങളും ഇനിയും ഏറ്റെടുത്തിട്ടില്ല. തടസ്സപ്പെടുത്തലുകൾ ഇപ്പോഴും നടത്തുകയാണെന്ന് അവർ പറഞ്ഞു.
ബൈപാസ് യാത്രയിലെ തടസ്സങ്ങൾ ഭാഗികമായി പരിഹരിക്കുന്നതിനാണ് താത്കാലിക ടാറിംഗ് നടത്തിയിരിക്കുന്നത്. ഇവിടെ ഇനിയും പണികൾ തീരുവാനായിട്ടുണ്ട്. പൊടിശല്യം ഒഴിവാക്കുകയായിരുന്നു ലക്ഷ്യം എന്നും അവർ പറഞ്ഞു.