കോട്ടയം ജില്ലയിൽ ഈ വർഷം ഇതുവരെ ഒറ്റ പോക്കറ്റടി കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല. കഴിഞ്ഞ രണ്ടു വർഷവും ഇതുതന്നെയാണു സ്ഥിതി. ബസ് സ്റ്റാൻഡുകളിലും മറ്റും ‘സജീവ‘മായിരുന്ന പോക്കറ്റടിക്കാർ പണി നിർത്താൻ കാരണം അടിച്ചുമാറ്റിയ പഴ്സുകളിലൊന്നും നയാപൈസയില്ല എന്നതാണ്.
ആകെയുള്ളത് എടിഎം, ക്രെഡിറ്റ് കാർഡുകൾ, ലൈസൻസ്, ആധാർ കാർഡ് എന്നിവയുടെ ലാമിനേറ്റഡ് പകർപ്പ്.
എങ്കിലും ‘അനുബന്ധ‘ പരിപാടികളായ തിരക്കിനിടെ മാല മോഷണം, ബാഗിൽ നിന്നു പണം അപഹരിക്കൽ തുടങ്ങിയവയൊക്കെ അങ്ങ് നടക്കുന്നുമുണ്ട്.
പഴ്സിൽ പണം കുറയുകയും ഡിജിറ്റൽ കാർഡുകളുടെ എണ്ണം കൂടുകയും ചെയ്തതോടെയാണ് പോക്കറ്റടിക്കാരുടെ ഉത്സാഹം കുറഞ്ഞത്. ഗൂഗിൾപേ, ഫോൺപേ സാങ്കേതിക വിദ്യകളിലൂടെയുള്ള പണക്കൈമാറ്റവും പോക്കറ്റടിക്കാർക്കു ‘തിരിച്ചടിയായി'
ഏതായാലും ബസുകളിലും തിരക്കേറിയ ഉത്സവപ്പറമ്പുകളിലും പൊതുജനങ്ങൾക്കും പൊലീസിനും തലവേദനയായിരുന്ന പോക്കറ്റടിയിൽ നിന്നാണു ജനം രക്ഷപ്പെട്ടത്. പോക്കറ്റടി സൂക്ഷിക്കുക എന്ന ബോർഡും ഏറെക്കുറേ അപ്രത്യക്ഷമായി.