ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ ടെൻഡർ നടപടികൾ പൂർത്തിയാക്കി പുതിയ കരാർ പ്രകാരം ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് പ്രവൃത്തി ആരംഭിച്ചതായി പൊതുമരാമത്ത് പി എ മുഹമ്മദ് റിയാസ്.
കഴിഞ്ഞ ബുധനാഴ്ചയാണ് (ജനുവരി 18) ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് പ്രവൃത്തി ഉടന്‍ ആരംഭിക്കുന്ന കാര്യം അറിയിച്ചത്.
വകുപ്പിൻ്റെ ചുമതലയേറ്റ സമയത്ത് തന്നെ ജനങ്ങളും എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതൃത്വവും ഈരാറ്റുപേട്ട- വാഗമണ്‍ റോഡിൻ്റെ ശോചനീയാവസ്ഥ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡ് എന്ന നിലയിൽ സഞ്ചാരികളും ഇക്കാര്യം സംസാരിച്ചിരുന്നു.
തുടർന്ന് അടിയന്തിര പ്രാധാന്യത്തോടെ റോഡ് നവീകരണം നടത്താൻ 19.90 കോടി രൂപ സർക്കാർ അനുവദിച്ചു. എന്നാൽ പത്ത് വർഷത്തിലധികമായി ജനങ്ങള്‍ പ്രയാസം അനുഭവിക്കുന്ന പ്രശ്നം പരിഹരിക്കാൻ നിരവധി പ്രതിസന്ധികളെയാണ് തരണം ചെയ്യേണ്ടിവന്നതെന്നും മന്ത്രി.
കരാർ എടുത്തവരുടെ ഭാഗത്ത് നിന്നും നിരന്തരം വീഴ്ച സംഭവിച്ചതിനെ തുടര്‍ന്ന് 2022 ഡിസംബർ 24 ന് പ്രവൃത്തി റിസ്ക് ആന്‍ഡ് കോസ്റ്റില്‍ ടെര്‍മിനേറ്റ് ചെയ്തു. ഒരു പ്രവൃത്തി ടെർമിനേറ്റ് ചെയ്താൽ അതിൻ്റെ റീ-ടെണ്ടർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി പുനരാരംഭിക്കാൻ കാലങ്ങളെടുക്കുന്ന സ്ഥിതി നമ്മുടെ സംസ്ഥാനത്ത് ഉണ്ടായിരുന്നു.
ഇത് കാരണം കാലതാമസം വരുമെന്ന് ഭയന്ന് കരാറുകാരെ ടെർമിനേറ്റ് ചെയ്യുവാൻ തയ്യാറാകാത്ത പ്രശ്നവുമുണ്ടായിരുന്നു. ഉഴപ്പുന്ന കരാറുകാർക്ക് ഇതൊരു വളവുമായി മാറി. ഇതിൽ മാറ്റം വരുത്താനുള്ള ശ്രമങ്ങൾ തുടർച്ചയായി നടത്തിയിരുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈരാറ്റുപേട്ട- വാഗമണ്‍ റോഡ്.
പ്രവൃത്തി ടെർമിനേറ്റ് ചെയ്ത ഉടൻ തന്നെ റീടെണ്ടര്‍ നടപടികള്‍ ആരംഭിക്കാനും വളരെ വേഗത്തില്‍ പ്രവൃത്തി പുനരാരംഭിക്കാനും സാധിച്ചിരിക്കുകയാണ്. 2022 ഡിസംബർ മാസം ടെർമിനേറ്റ് ചെയ്ത പ്രവൃത്തി 2023 ജനുവരി 21 ന് തന്നെ പുനരാരംഭിച്ചു. ജനുവരി 2 ന് പുതിയ ടെണ്ടർ വിളിച്ചു. ജനുവരി 16 ന് ടെണ്ടർ ഓപ്പൺ ചെയ്തു. ജനുവരി 21 ന് കരാർ ഒപ്പ് വെച്ച് സ്ഥലം കൈമാറി. ഉരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഇപ്പോൾ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.
ഒരു മാസത്തിനകം പ്രവൃത്തി പുനരാരംഭിക്കാൻ സാധിച്ചത് വകുപ്പിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പുതിയ മാറ്റത്തിൻ്റെ ഭാഗമായാണ്. ഈ മാറ്റത്തിന് വേണ്ടി പ്രവർത്തിച്ച പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ഇടപെടൽ മാതൃകാപരമാണ് -പി എ മുഹമ്മദ് റിയാസ്