കോട്ടയം: അക്ഷരനഗരിക്ക് ഇനി അഞ്ചുനാൾ സിനിമക്കാലം. കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളക്ക് വെള്ളിയാഴ്ച തിരിതെളിയും. വൈകീട്ട് അഞ്ചിന് അനശ്വര തിയറ്ററിൽ മന്ത്രി വി.എൻ. വാസവൻ മേള ഉദ്ഘാടനം ചെയ്യും.
കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. സംവിധായകനും ഫെസ്റ്റിവൽ സംഘാടകസമിതി ചെയർമാനുമായ ജയരാജ് ആമുഖപ്രഭാഷണം നടത്തും.
സംവിധായകനും തിരക്കഥാകൃത്തും കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ സയ്യിദ് അഖ്തർ മിർസ വിശിഷ്ടാതിഥിയാകും. ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന് നൽകി തോമസ് ചാഴികാടൻ എം.പി നിർവഹിക്കും. ഫെസ്റ്റിവൽ ബുള്ളറ്റിൻ പ്രകാശനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് നൽകി നിർവഹിക്കും.
വൈകീട്ട് മുതൽ 28 വരെ നീളുന്ന മേള അനശ്വര, ആഷ തിയറ്ററുകളിലും സി.എം.എസ് കോളജിലുമായാണ് നടക്കുന്നത്. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്ര മേളയിൽ 39 സിനിമ പ്രദർശിപ്പിക്കും. ഇതിൽ 18 ലോകസിനിമകളുണ്ട്.
വെനീസ് ചലച്ചിത്ര മേളയിലടക്കം പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ഫ്രഞ്ച് ചലച്ചിത്രം ‘സെയിന്റ് ഒമർ’ ആണ് ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രം.