പാലാ: പുനലൂർ - മൂവാറ്റുപുഴ ഹൈവേയിലെ പാലാ നിയോജകമണ്ഡലത്തിൽപ്പെട്ട ഭാഗങ്ങളിൽ പ്രവർത്തനരഹിതമായ സോളാർ തെരുവ് വിളക്കുകൾക്കു പകരം വൈദ്യുതി വിളക്കുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പാലായിൽ എം എൽ എ വിളിച്ചു ചേർത്ത പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലാ നിയോജകമണ്ഡലത്തിൽ ഉള്ള ഭാഗത്താണ് സോളാർ വിളക്കുകൾ മാറ്റാൻ തീരുമാനമായത്. ഈ ഭാഗത്ത് വഴിവിളക്കുകൾ ഒന്നും തെളിയുന്നില്ലെന്ന പരാതി വ്യാപകമായി ഉയർന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ എം എൽ എ നിർദ്ദേശം നൽകിയത്.
സീബ്രാലൈനുകൾ, റിഫ്ലക്ടറുകൾ തുടങ്ങിയവയും നവീകരിക്കാൻ മാണി സി കാപ്പൻ നിർദ്ദേശം നൽകി. വിവിധ റോഡുകളുടെ നവീകരണ നടപടികൾ വേഗത്തിലാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് നിരത്ത്, കെട്ടിടം, വൈദ്യുതി വിഭാഗം ഉദ്യോഗസ്ഥരും കെ എസ് ടി പി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.