വാഹനാപകടങ്ങള്‍ സംബന്ധിച്ച കേസുകളില്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജനറല്‍ ഡയറി എന്‍ട്രി ആവശ്യമാണ്. പോലീസ് സ്റ്റേഷനിലെ തിരക്കിനിടയില്‍ പലതവണ കയറിയിറങ്ങിയാലാണ് ഇതു കിട്ടാറ്. അതിനു പരിഹാരമായി 'പോല്‍' ആപ്പ് വഴി ജി.ഡി.എന്‍ട്രി ലഭ്യമാക്കാന്‍ നടപടിയെടുത്തിരിക്കുകയാണ് പോലീസ്.
ആപ്പ് ഡൗണ്‍ലോഡ് ചെയ്തശേഷം പേരും മൊബൈല്‍ നമ്പറും നല്‍കണം. മൊബൈലില്‍ ഒ.ടി.പി. നമ്പര്‍ ലഭിക്കും. അതിനുശേഷം ആധാര്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. പോലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങള്‍ക്കും ഈയൊരു രജിസ്ട്രേഷന്‍ മതിയാകും.
ആപ്പിലെ റിക്വസ്റ്റ് ആക്‌സിഡന്റ് ജി.ഡി. എന്ന സേവനം തിരഞ്ഞെടുക്കുക. അപേക്ഷകന്റെ വിവരങ്ങളും അപകടത്തെപ്പറ്റിയുള്ള വിവരങ്ങളും ഫോട്ടോ സഹിതം രേഖപ്പെടുത്തി സമര്‍പ്പിക്കുക.
ഇങ്ങനെ ലഭിക്കുന്ന അപേക്ഷയില്‍ പോലീസ് പരിശോധന നടത്തും. പരിശോധന പൂര്‍ത്തിയാകുന്നമുറയ്ക്ക് ജി.ഡി.എന്‍ട്രി ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാമെന്ന് കേരള പോലീസ് ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിക്കുന്നു.