സീബ്രാ ക്രോസിങ്ങുകളിലൂടെ ഏതുസമയത്തും റോഡ് മുറിച്ചുകടക്കുന്നവർക്കും ഫുട്പാത്ത് ഉപയോഗിക്കാതെ റോഡിലൂടെ നടക്കുന്നവർക്കുമെതിരേ പോലീസ് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. വാഹനങ്ങൾക്ക് പോകുന്നതിനായി പച്ചലൈറ്റ് കത്തുമ്പോൾത്തന്നെ റോഡ് മുറിച്ചുകടക്കുന്നത് സാധാരണ കാഴ്ചയാണ്.
സീബ്രാ ക്രോസിങ്ങുകളിൽക്കൂടി ഏതുസമയത്തും റോഡ് മുറിച്ചുകടക്കാമെന്നാണ് ചിലരുടെ ധാരണയെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറയുന്നു. എല്ലാതരം വാഹനങ്ങൾ ഓടിക്കുന്നവരും കാൽനടയാത്രക്കാർക്ക് അർഹമായ പരിഗണനനൽകണം.
അതേസമയം ട്രാഫിക് സിഗ്നലുകൾ അവഗണിക്കുന്നതിൽ കാൽനടയാത്രക്കാരും ഒട്ടും പിറകിലല്ല. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർക്കാണ് കമ്മിഷൻ ഉത്തരവ് നൽകിയത്.
അലക്ഷ്യമായി മൊബൈൽ ഫോണിൽ സംസാരിച്ച് റോഡ് മുറിച്ചുകടക്കുന്നവർക്കെതിരേയും നടപടിയെടുക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. ഉത്തമമായ ട്രാഫിക് സംസ്കാരം വളർത്തിയെടുക്കാൻ ബോധവത്കരണം നടത്തണം.
കോഴിക്കോട് നഗരത്തിലെ വൺവേ ലംഘനം, ഹൈബീം ഉപയോഗം, അതിവേഗം തുടങ്ങിയ നിയമലംഘനങ്ങളെക്കുറിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർചെയ്ത കേസിലാണ് ഉത്തരവ്.