പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു. നിലയ്ക്കലിന് സമീപം ഇളവുങ്കലിലാണ് അപകടം.
ഇലവുങ്കല്‍-എരുമേലി റോഡില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15-ഓടെയാണ് ബസ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അറുപതോളം തീര്‍ഥാടകരാണ് ബസിലുണ്ടായിരുന്നതെന്ന് മുന്‍ പഞ്ചായത്ത് അംഗമായ രാജന്‍ പറഞ്ഞു. ഇവര്‍ തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നിന്നുള്ളവരാണെന്നാണ് വിവരം.
അപകട വിവരമറിഞ്ഞ് നാട്ടുകാരും പമ്പ,നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ബസിലുണ്ടായിരുന്ന യാത്രക്കാരെയെല്ലാം മുക്കാല്‍ മണിക്കൂറിനുള്ളില്‍ പുറത്തെടുത്തെന്നാണ് വിവരം.
പരിക്കേറ്റവരെയെല്ലാം ആംബുലന്‍സുകളിലും മറ്റു വാഹനങ്ങളിലുമായി ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ മൂന്നുപേരുടെ പരിക്ക് സാരമുള്ളതാണെന്നാണ് വിവരം.