ഇടുക്കി ചിന്നക്കനാലിലെ ജനവാസ മേഖലയിൽ ഇറങ്ങുന്ന അരിക്കൊമ്പനെ പിടികൂടി ഉൾവനത്തിൽ വിടുന്നതിനെപ്പറ്റി അഭിപ്രായം അറിയിക്കാൻ ഹൈക്കോടതി വിദഗ്ധസമിതി രൂപീകരിച്ചു. റേഡിയോ കോളർ പിടിപ്പിക്കാനുള്ള നടപടികൾ എടുക്കാമെന്നും കോടതി വാക്കാൽ പറഞ്ഞു. ആനയെ പിടികൂടി ആന ക്യാംപിലിടുന്നതിനെ അനുകൂലിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
വിദഗ്ധസമിതി റിപ്പോർട്ടിനുശേഷം ആനയെ പിടിച്ച് മാറ്റിപ്പാർപ്പിക്കുന്നതിൽ തീരുമാനം എടുക്കാമെന്നും ആനയെ പിടികൂടിയിട്ട് എന്തുചെയ്യാനെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു. അരിക്കൊമ്പന്റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ അവിടെനിന്നു മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്ന് കോടതി നിരീക്ഷിച്ചു. ആനയുടെ ആവാസമേഖലയിലേക്ക് ആദിവാസികളെ എങ്ങനെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും കോടതി ചോദിച്ചു.
കൊടുംവനത്തിൽ ആളുകളെ പാർപ്പിച്ചതാണ് പ്രശ്നത്തിന് കാരണം. വിഷയത്തിൽ വിദ്ഗധസമിതിയെ നിയമിക്കാം. രേഖകൾ അവർക്കു നൽകൂ. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നാറിൽ തുടരട്ടേയെന്നും കോടതി നിർദേശിച്ചു. പ്രദേശത്ത് ജാഗ്രത തുടരണമെന്നും കോടതി അറിയിച്ചു.