കോട്ടയം: ജി- 20 രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഷെര്‍പ്പമാരുടെ രണ്ടാം യോഗം കോട്ടയം കുമരകത്ത് ആരംഭിച്ചു. ഇന്ത്യയുടെ ജി-20 ഷെര്‍പ്പ അമിതാഭ് കാന്താണ് യോഗത്തിന്റെ അധ്യക്ഷന്‍.
ജി-7, ജി-20 പോലുള്ള അന്താരാഷ്ട്ര ഉച്ചകോടികളില്‍ രാഷ്ട്രത്തലവന്റെയോ സര്‍ക്കാരിന്റെയോ പ്രതിനിധിയായി പങ്കെടുക്കുന്നയാളാണ് ഷെര്‍പ്പ എന്ന് അറിയപ്പെടുന്നത്. കുമരകത്തെ യോഗം ഞായറാഴ്ച സമാപിക്കും. 2022 ഡിസംബര്‍ നാലു മുതല്‍ ഏഴുവരെ രാജസ്ഥാനിലെ ഉദയ്പുറിലായിരുന്നു ആദ്യ ഷെര്‍പ്പ യോഗം നടന്നത്.
ഇന്ത്യ ജി 20 അധ്യക്ഷപദമേറ്റശേഷമുള്ള ഉച്ചകോടി 2023 സെപ്റ്റംബറില്‍ ന്യൂഡല്‍ഹിയിലാണ് നടക്കുക. അതിനു മുന്നോടിയായുള്ള നയ രൂപവത്കരണ ചര്‍ച്ചകള്‍ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമാണ് കുമരകത്തു നടക്കുന്ന യോഗങ്ങള്‍.
ഇന്ത്യയുള്‍പ്പെടെ 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ചേരുന്നതാണ് ജി-20. ഇവിടെനിന്നുള്ള പ്രതിനിധികള്‍, ക്ഷണിക്കപ്പെട്ട ഒമ്പതു രാജ്യങ്ങള്‍, വിവിധ അന്താരാഷ്ട്ര-പ്രാദേശിക സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള 120-ലധികം പ്രതിനിധികള്‍ എന്നിവരാണ് പങ്കെടുക്കുന്നത്.
ജി-20യുടെ സാമ്പത്തിക-വികസന മുന്‍ഗണന, സമകാലിക ആഗോള വെല്ലുവിളികള്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ചയ്ക്കുവരും. രണ്ടു ട്രാക്കുകളിലൂടെയാണ് യോഗം നടക്കുക. ഷെര്‍പ്പ ട്രാക്കും സാമ്പത്തിക ട്രാക്കും. ഓരോന്നിനും കീഴില്‍ ഓരോ വിഷയങ്ങള്‍ക്കും പ്രത്യേക പ്രവര്‍ത്തക സമിതികളുണ്ട്.
ഹരിതവികസനം, ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യം എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകളോടെയാണ് യോഗം ആരംഭിക്കുന്നത്. നന്ദന്‍ നിലേക്കനിയുള്‍പ്പെടെയുള്ള പ്രമുഖര്‍ ആദ്യദിവസം പങ്കെടുക്കുന്നുണ്ട്.