തിരുവനന്തപുരം: കേരളത്തിലെ H3N2 കേസുകളുടെ എണ്ണം പതിമൂന്ന് ആയെന്ന് സംസ്ഥാന ആരോഗ്യ വകുപ്പിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് പലയിടങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന പനി, ചുമ, ശ്വാസകോശരോഗങ്ങൾ തുടങ്ങിയവയ്ക്ക് പിന്നിൽ H3N2 ഇൻഫ്ളുവൻസ വൈറസ് ആണെന്ന് ഐ.സി.എം.ആർ വ്യക്തമാക്കിയിരുന്നു.
ആലപ്പുഴ, പാലക്കാട്, എറണാകുളം ജില്ലകളിലാണ് കേസുകൾ പ്രാഥമികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. എല്ലാവരും ഇൻഫ്ളുവൻസ പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും മറ്റേത് ശ്വാസകോശരോഗങ്ങളെയും പോലെയാണ് ഈ രോഗമെന്നും ആരോഗ്യവിദഗ്ധനും മുൻ കോവിഡ് നോഡൽ ഓഫീസറുമായ അമർ എസ്.ഫെറ്റിൽ വ്യക്തമാക്കി.
മാസ്ക് ഉപയോഗം ശീലമാക്കണമെന്നും രോഗബാധയുള്ളവർ മതിയായി ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. രോഗബാധയുണ്ടായാൽ വീടുകളിൽ കഴിയുന്നതാണ് അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു.