പാലാ ജനറൽ ആശുപത്രിയിൽ നിലവിലുള്ള സെക്യൂരിറ്റി ജീവനക്കാരെ നീക്കി പകരം സ്വകാര്യ ഏജൻസിയ്ക്ക് സുരക്ഷാ ചുമതല കൈമാറാനുള്ള നീക്കത്തിനെതിരെ വ്യാഴാഴ്ച ചേർന്ന നഗരസഭാ അടിയന്തിര കൗൺസിൽ യോഗത്തിൽ പ്രതിഷേധം ഉയർന്നു. കൗൺസിൽ ഒറ്റക്കെട്ടായി സൂപ്രണ്ട് ഏകപക്ഷീയമായി നടത്തുന്ന നീക്കത്തിനെതിരെ രംഗത്ത് വന്നു.
ആശുപത്രി മാനേജിംഗ് കമ്മിറ്റി ചേരാതെ നിയമനം നടത്താനാവില്ലെന്ന് നിർദ്ദേശിച്ച് ആശുപത്രി സൂപ്രണ്ടിന് കത്ത് നല്കാനും യോഗത്തിൽ തീരുമാനിച്ചു. ഇതിനായി ഹെൽത്ത് സൂപ്പർവൈസറെ യോഗം ചുമതലപ്പെടുത്തി. ആശുപത്രി സൂപ്രണ്ടിന്റെ നടപടി സംബന്ധിച്ച് ഡിഎംഒ യ്ക്കും നഗരസഭ കത്ത് നല്കും.
കൂടാതെ എംസിഎഫ് ഷെഡ് നിർമ്മിക്കുന്ന വിഷയവും കേരളാ കോൺഗ്രസ് എമ്മിന്റെ എതിർപ്പിനിടയിലും സിപിഎമ്മും യുഡിഎഫ് അംഗങ്ങളും ചേർന്ന് പാസാക്കി. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കുന്നതിനായി വിപുലമായ എംസിഎഫ് ഷെഡ് നിർമ്മിക്കുന്നത് സംബന്ധിച്ചായിരുന്നു അജൻഡ. 20ാം വാർഡിൽ മൃഗാശുപത്രിയുടെ പരിസരത്ത് 2,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഷെഡ് പണിയണമെന്നാണ് സിപിഎം അംഗമായ നഗരസഭാധ്യക്ഷ ജോസിൻ ബിനോ ശുപാർശ ചെയ്തത്.