തിരുവനന്തപുരം: ബസുകള്‍ക്ക് പിന്നാലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളും കെ-സ്വിഫ്റ്റിന് കൈമാറാന്‍ ആലോചന നടക്കുന്നതായി റിപ്പോർട്ട്. തിരുവനന്തപുരം നഗരത്തിലെ കിഴക്കേക്കോട്ട, വികാസ്ഭവന്‍, പേരൂര്‍ക്കട, പാപ്പനംകോട് എന്നീ നാല് ബസ് സ്റ്റാന്‍ഡുകള്‍ സ്വിഫ്റ്റിന് കൈമാറാനാണ് നീക്കം നടക്കുന്നത്. ഭാവിയില്‍ സ്വിഫ്റ്റുകളുടെ പ്രവര്‍ത്തനം ഇവിടം കേന്ദ്രീകരിച്ചായിരിക്കും.
അതേസമയം, മാനേജ്‌മെന്റിന്റെ നീക്കത്തോട് സിഐടിയു ഉള്‍പ്പെടെയുള്ള തൊഴിലാളി യൂണിയനുകള്‍ക്ക് എതിര്‍പ്പുണ്ട്. അടുത്ത ആഴ്ച നടക്കുന്ന ചര്‍ച്ചയില്‍ ഗതാഗത മന്ത്രിയേയും മാനേജിങ് ഡയറക്ടറേയും യൂണിയനുകള്‍ വിയോജിപ്പ് അറിയിക്കും.
തൊഴിലാളി വിരുദ്ധ നീക്കങ്ങള്‍ക്കെതിരേ പണിമുടക്ക് ആരംഭിക്കുന്നതിനെക്കുറിച്ചും യൂണിയനുകള്‍ ആലോചിക്കുന്നുണ്ട്.
അതേസമയം, ബസ് സ്റ്റാന്‍ഡുകള്‍ സ്വിഫ്റ്റിന് കൈമാറാനുള്ള നീക്കമില്ലെന്നാണ് മാനേജ്‌മെന്റ് നല്‍കുന്ന വിശദീകരണം.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെടിഡിഎഫ്‌സിയില്‍നിന്ന് കൂടിയ പലിശയ്ക്ക് എടുത്ത 700 കോടിയുടെ വായ്പാ ബാധ്യത തീര്‍ക്കാന്‍ കണ്ണായ ഭൂമിയും അവിടങ്ങളിലെ വ്യാപാര സമുച്ചയങ്ങളും വില്‍ക്കാന്‍ നേരത്തെ കെഎസ്ആര്‍ടിസി തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബസ് സ്റ്റാന്‍ഡുകളും സ്വിഫ്റ്റിന് കൈമാറാനുള്ള നീക്കം നടക്കുന്നത്.