നാല് ചുവരിന്റെ സുരക്ഷിതത്വം ഇല്ലാത്ത, ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട നിസഹായർക്ക് എന്നും കൈത്താങ്ങായി നിലകൊള്ളുന്ന പാലാ മരിയ സദനം ആതുരസേവന മേഖലയിൽ മറ്റൊരു ചുവടുവയ്പ്പുകൂടി നടത്തിയിരിക്കുകയാണ്.
മരിയസദനം ചാരിറ്റിബിൾ ട്രസ്റ്റിന്റെ കീഴിലുള്ള പുനരധിവാസ കേന്ദ്രം "തലചായ്ക്കാൻ ഒരിടം"തയ്യാറായി. മുത്തോലി പഞ്ചായത്ത് പന്തത്തലയിലാണ് പുനരധിവാസ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. മരിയസദനം സേവന മേഖലയിൽ കാൽ നൂറ്റാണ് പൂർത്തിയാക്കുന്ന മാർച്ച് 14 നാണ് സ്ഥാപനത്തിന്റെ ഉദ്ഘാടനം നടന്നത്.
പുനരധിവാസ കേന്ദ്രത്തിന്റെ വെഞ്ചരിപ്പ് കർമ്മം പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് ജി മീനഭവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആംസ്റ്റർഡാമിൽ നിന്നുള്ള ഫിലിപ്സ് ലൈറ്റിംഗ് കമ്പനി ആയ സിഗ്നിഫൈയുടെ ഗ്ലോബൽ ചീഫ് ഡിജിറ്റൽ ആൻഡ് ഇൻഫർമേഷൻ ഓഫീസർ ഡോ. ടോണി തോമസ് ഉദ്ഘാടനം നിർവഹിച്ചു.
ഓരോ പഞ്ചായത്തുകളിലും അനാഥരെ സംരക്ഷിക്കുന്നതിനായി പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിക്കുക എന്നത്തിന്റെ ആദ്യപടി ആയിട്ടാണ് 20 പേർക്കായുള്ള തല ചായിക്കാനൊരിടം എന്ന പ്രൊജക്റ്റ് ആരംഭിച്ചിരിക്കുന്നത്.