പുതിയ മൊബൈൽ ഫോൺ വാങ്ങുമ്പോൾത്തന്നെ പ്രീ–ഇൻസ്റ്റാൾഡ് ആയി ലഭിക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ പിന്നീട് നീക്കാൻ കഴിയുന്നതായിരിക്കണമെന്ന നിബന്ധന വയ്ക്കാൻ കേന്ദ്രം ഒരുങ്ങുന്നു. ഐടി മന്ത്രാലയം കൊണ്ടുവരുന്ന പുതിയ സുരക്ഷാ നിയമം പ്രകാരം ഓപ്പറേറ്റിങ് സിസ്റ്റത്തിൽ വരുന്ന പുതിയ പ്രധാനപ്പെട്ട അപ്ഡേറ്റുകൾ കേന്ദ്രം നിർദേശിക്കുന്ന കമ്മറ്റിക്കുമുൻപിൽ നിർബന്ധമായും പരിശോധനയ്ക്കു വയ്ക്കണമെന്നും നിർദേശമുണ്ട്. സർക്കാർവൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പുതിയ നിയമത്തെ സംബന്ധിച്ചുള്ള കാര്യങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും നീക്കം ലോകത്തെ രണ്ടാമത്തെ വലിയ സ്മാർട്ഫോൺ വിപണിയായ ഇന്ത്യയിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കും. സാംസങ്, ഷഓമി, വിവോ, ആപ്പിൾ തുടങ്ങിയവയിൽ പ്രീ–ഇൻസ്റ്റാൾഡ് ആപ്ലിക്കേഷനുകൾ ഉണ്ട്.
ചാരപ്രവർത്തനം, ഉപഭോക്താക്കളുടെ വിവരങ്ങൾ ഉപയോഗിച്ചുള്ള ദുരുപയോഗം തുടങ്ങിയ ആശങ്കകൾക്കിടെയാണ് പുതിയ നിയമം വരുന്നത്. പ്രീ–ഇൻസ്റ്റാൾഡ് ആപ്ലിക്കേഷനുകൾ സുരക്ഷാരീതിയിൽ പരിഗണിക്കുമ്പോൾ ഒരു ദൗർബല്യമാണെന്നും ചൈന ഉൾപ്പെടെയുള്ള ഒരു വിദേശരാജ്യവും അതു ചൂഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുമെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.