തീക്കോയി: മാലിന്യമുക്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിന്റെ ഭാഗമായി ക്ലീൻ തീക്കോയി ഗ്രീൻ തീക്കോയി എന്ന സന്ദേശം ഉയർത്തിക്കൊണ്ടുള്ള ക്യാമ്പയിന് തീക്കോയി ഗ്രാമപഞ്ചായത്തിൽ പ്രാരംഭം കുറിച്ചു. മാലിന്യനിർമാർജന പ്രവർത്തനവും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനവും ജലസ്രോതസ്സുകളുടെ ശുചീകരണവും ആണ് ഈ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.
2023 ജൂൺ അഞ്ചാം തീയതിയിലെ പരിസ്ഥിതി ദിനത്തിന് മുൻപായി സമ്പൂർണ്ണ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി തീക്കോയി ഗ്രാമപഞ്ചായത്ത് മാറും. എല്ലാ വാർഡിലും ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ- തൊഴിലുറപ്പു പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തും. എല്ലാ വീടുകളിലും മാലിന്യ സംസ്കരണ സംവിധാനങ്ങൾ സംബന്ധിച്ച് പരിശോധിച്ചു ഉറപ്പുവരുത്തുകയും ആയതിനുള്ള ബോധവൽക്കരണവുമാണ് ഭവന സന്ദർശനത്തിന്റെ ലക്ഷ്യം.
ഭവന സന്ദർശനത്തിനു മുന്നോടിയായി വാർഡുതല ശുചിത്വ കമ്മിറ്റികൾക്ക് രൂപം കൊടുത്തു. പൊതു നിരത്തുകളിൽ മാലിന്യം വലിച്ചെറിയരുതെന്ന് പൊതു നിർദ്ദേശവും മുന്നോട്ടു വെച്ചു. ക്യാമ്പയിന്റെ ഗ്രാമപഞ്ചായത്ത് തല മീറ്റിംഗ് പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്നു.
വൈസ് പ്രസിഡണ്ട് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസൂകുട്ടി മെമ്പർമാരായ സിറിൽ റോയി, സിബി രഘുനാഥൻ, മാളു ബി മുരുകൻ, കവിത രാജു, രതീഷ് പി.എസ്, ദീപാസജി, അമ്മിണി തോമസ്, നജീമ പരികൊച്ച്, സെക്രട്ടറി ആർ സുമാഭായി അമ്മ, വി ഇ ഓ മാരായ സൗമ്യ കെ വി, ടോമിൻ ജോർജ്, ഹെഡ് ക്ലാർക്ക് പത്മകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ഷിജി പ്രസാദ്,ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആശാവർക്കേഴ്സ്, ഹരിത കർമ സേനാംഗങ്ങൾ, കുടുംബശ്രീ തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.