പാലാ: ബ്രൈറ്റ് മീഡിയ സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ സിനിമ ടെലിവിഷൻ അക്കാദമി മലയാള സിനിമയ്ക്ക് മുതൽക്കൂട്ടാകുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പാലാ ചെത്തിമറ്റത്തെ അന്ന ആർക്കേഡിൽ പ്രവർത്തനം ആരംഭിച്ച ബ്രൈറ്റ് മീഡിയ അക്കാദമി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫിലിം മേക്കിംഗ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഫിലിം മേക്കിംഗ്, പി ജി ഡിപ്ലോമ ഇൻ ഫിലിം ആന്റ് ടി വി പ്രൊഡക്ഷൻ എന്നിങ്ങനെ 6 മാസം മുതൽ ഒന്നര വർഷം വരെയുള്ള മൂന്ന് സിനിമ കോഴ്സുകളാണ് ബി എം എസ് സി യിൽ ഒരുക്കിയിരിക്കുന്നത്.
ഉദ്ഘാടന ദിവസം സൗജന്യ ഏകദിന ശിൽപശാലയും സംഘടിപ്പിച്ചിരുന്നു. ബിലാസ് ജോസഫ്, ജിതിൻ വക്കച്ചൻ, ചലച്ചിത്ര സംവിധായകൻ ബിബിൻ ജോയ്, മാധ്യമ പ്രവർത്തകൻ എബി ജെ ജോസ് എന്നിവർ ശിൽപ്പശാലയ്ക്ക് നേതൃത്വം നല്കി.
തിരക്കഥ, കാസ്റ്റിംഗ്, അഭിനയം, സംവിധാനം, ക്യാമറ, എഡിറ്റിംഗ്, വി എഫ് എക്സ്, ഡബ്ബിംഗ്, ആനിമേഷൻ എന്നിങ്ങനെ സിനിമയുടെ പ്രധാന മേഖലകളിൽ വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം നൽകും. നിലവിൽ സിനിമയിലും ടെലിവിഷൻ മേഖലയിലും പ്രവർത്തിക്കുന്നവരാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്.
ടെലിഫിലിമുകളും വീഡിയോകളും വിദ്യാർത്ഥികൾ തന്നെ നിർമ്മിച്ച് പഠിക്കുന്ന വിധമുള്ള സിലബസാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ വിദ്യാർത്ഥികൾക്കും പ്രത്യേകം പരീക്ഷയും പ്രോജക്ടും ചെയ്യുന്നതിനുള്ള അവസരമുണ്ട്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര ഗവൺമെന്റ് അഗീകാരമുള്ള സർട്ടിഫിക്കറ്റുകളും നൽകും.
ഇതോടൊപ്പം തന്നെ ബി എം ടി വി ന്യൂസിന്റെ ഭാഗമായി ന്യൂസ് റീഡിംഗ് ആന്റ് ആങ്കറിംഗ്, ന്യൂസ് ഫോട്ടോഗ്രാഫി ആന്റ് വീഡിയോ, ന്യൂസ് റിപ്പോർട്ടിംഗ് ആന്റ് ടെക്നിക്കൽ റൈറ്റിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ന്യൂസ് എഡിറ്റിംഗ് ആന്റ് ലൈവ് ടെലികാസ്റ്റിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ സോഷ്യൽ മീഡിയ ആൻറ് മോണിറ്റൈസേഷൻ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസം എന്നിങ്ങനെ വിവിധ മാധ്യമ പരിശീലന കോഴ്സുകളും സജ്ജമാക്കിയിട്ടുണ്ട്. മികവാർന്ന മാധ്യമ പ്രവർത്തന ശൈലി വിദ്യാർത്ഥികൾക്ക് പകർന്ന് നൽകുന്നതിനായി മൂന്ന് മാസം മുതൽ ഒന്നര വർഷം വരെയുള്ള വിവിധ കോഴ്സുകളിൽ ഭൂരിഭാഗവും പ്രാക്ടിക്കൽ പഠന രീതിയാണ് സജ്ജമാക്കിയിരിക്കുന്നത്.
പാലാ നഗരസഭാ കൗൺസിലർമാരായ ബിന്ദു മനു, ബൈജു കൊല്ലംപറമ്പിൽ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, ജെയ്സൺ മാന്തോട്ടം, ബിജു പാലിയേക്കുന്നേൽ, മാധ്യമ പ്രവർത്തകരായ സന്ധ്യ മനോജ് (ഐ ഫോർ യു), സിനു മോഹൻ (എസിവി ന്യൂസ്) തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
മൂന്ന് വർഷത്തോളമായി പാലാ കേന്ദ്രമായി പ്രവർത്തിക്കുന്ന ബി എം ടി വി യുടെ ഭാഗമായിട്ടാണ് പാലായിൽ ബ്രൈറ്റ് മീഡിയ സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ (ബി എം എസ് സി) സിനിമ ആന്റ് ടെലിവിഷൻ അക്കാദമി ആരംഭിച്ചത്.