കോട്ടയം: വൈക്കം സത്യഗ്രഹ ശതാബ്ദിയോടനുബന്ധിച്ചു കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ എന്നിവർ പുഷ്പാർച്ചന നടത്തിയ ഗാന്ധി ശില്പം അനാദരിക്കപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി കോട്ടയം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. വൈക്കത്ത് ഗാന്ധി ശില്പം അനാദരിക്കപ്പെട്ടതു സംബന്ധിച്ചു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നൽകിയ പരാതിയെത്തുടർന്നാണ് മുഖ്യമന്ത്രി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയത്.
ശതാബ്ദി ആഘോഷ ചടങ്ങുകൾക്കു ശേഷം മുഖ്യമന്ത്രിമാർ പുഷ്പാർച്ചന നടത്തിയ ഗാന്ധി ശില്പം വികൃതമായ നിലയിൽ പരസ്യമായി പ്രദർശിപ്പിച്ചതിനെതിരെയാണ് പരാതി നൽകിയത്. ശില്പത്തിനു തകരാർ വന്നാൽ പരസ്യ പ്രദർശനം നടത്താതെ മാറ്റി വയ്ക്കുകയോ തുണികൊണ്ട് മറയ്ക്കുകയോ ചെയ്യാതിരുന്നത് സംഘാടകരുടെ പിടിപ്പുകേടാണെന്നും ഗാന്ധിജിയോടുള്ള അനാദരവാണെന്നും ഫൗണ്ടേഷൻ കുറ്റപ്പെടുത്തി.