കണ്ണൂർ: യാത്രക്കാരനെ നിർബന്ധിച്ച് വഴിയിൽ ഇറക്കിവിട്ടെന്ന പരാതിയിൽ ബസ് കണ്ടക്ടറും ഉടമസ്ഥനും ചേർന്ന് പരാതിക്കാരന് 25,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃകോടതി വിധി. കേരള സംസ്ഥാന ഉപഭോക്തൃ കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് കൂടിയായ ആർട്ടിസ്റ്റ് ശശികലയുടെ പരാതിയിലാണ് ഉത്തരവ്.
മാധവി മോട്ടോഴ്സിന്റെ കെ.എൽ.-58 എസ് 8778 ശ്രീമൂകാംബിക ലിമിറ്റഡ് സ്റ്റോപ്പ് ബസ് കണ്ടക്ടർ പാപ്പിനിശ്ശേരിയിലെ എൻ. രാജേഷ്, ഉടമ എൻ. ശിവൻ എന്നിവർ നഷ്ടപരിഹാരം നൽകാനാണ് ഉത്തരവ്. 25,000 രൂപ ഒരുമാസത്തിനുള്ളിൽ പരാതിക്കാരന് നൽകണം. വീഴ്ചവരുത്തിയാൽ ഒൻപതുശതമാനം പലിശയും കൂടി നൽകണം.
2018 ഓഗസ്റ്റ് 15-നാണ് പരാതിക്ക് ആസ്പദമായ സംഭവം. കണ്ണൂരിൽനിന്ന് കല്യാശ്ശേരിയിൽ പോകാനായി ബസിൽ കയറിയ യാത്രക്കാരനെ കണ്ടക്ടറും ക്ലീനറും ചേർന്ന് നിർബന്ധിച്ച് പുതിയതെരുവിൽ ഇറക്കിവിട്ടതായാണ് പരാതി. കല്യാശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഒരു കല്യാണച്ചടങ്ങിൽ പങ്കെടുക്കാനാണ് ശശികല ബസിൽ കയറിയത്.
ടിക്കറ്റെടുക്കാൻ 20 രൂപ നീട്ടി ’കല്യാശ്ശേരി’ എന്ന് പറഞ്ഞപ്പോൾ പ്രകോപിതനായ കണ്ടക്ടർ അവിടെ നിർത്തില്ലെന്നും ’ഇവിടെ ഇറങ്ങ്’ എന്ന് ആവശ്യപ്പെട്ട് അസഭ്യം പറഞ്ഞെന്നും ക്ലീനറുടെ സഹായത്തോടെ പുതിയതെരു സ്റ്റോപ്പിൽ നിർബന്ധിച്ച് ഇറക്കിവിട്ടു’ എന്നും പരാതിയിൽ പറയുന്നു.
ആർ.ടി.എ. അംഗീകരിച്ച അംഗീകൃത സ്റ്റോപ്പാണ് കല്യാശ്ശേരി എന്നതിനാൽ ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ആർട്ടിസ്റ്റ് ശശികല കണ്ണൂർ ട്രാഫിക് പോലീസ്, കണ്ണൂർ ആർ.ടി.ഒ. എന്നിവർക്ക് രേഖമൂലം പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ട്രാഫിക് എസ്.ഐ. 500 രൂപ പിഴയീടാക്കുകയും ചെയ്തിരുന്നു.
തുടർന്ന് ശശികല ബസ് കണ്ടക്ടർ, ഉടമസ്ഥൻ, ട്രാഫിക് എസ്.ഐ., ആർ.ടി.ഒ. എന്നിവർക്കെതിരേ കണ്ണൂർ ഉപഭോക്തൃതർക്ക പരിഹാര ഫോറത്തിൽ കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യുകയായിരുന്നു.
കമ്മിഷൻ പ്രസിഡന്റ് രവി സുഷ, അംഗങ്ങളായ മോളിക്കുട്ടി മാത്യു, കെ.പി. സജീഷ് എന്നിവരടങ്ങുന്ന ഫോറമാണ് രണ്ടര വർഷത്തിനുശേഷം ഉത്തരവ് പുറപ്പെടുവിച്ചത്.