രാമപുരം: നിർദ്ധനരായ രോഗികളെ കഴിയുംവിധം സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി 2017 ൽ രാമപുരം ബസ് സ്റ്റാന്റിന് സമീപം തുടക്കം കുറിച്ച മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആറാമത് വാർഷികവും നിർദ്ധന രോഗികൾക്ക് ധനസഹായ വിതരണവും മെയ് 25 ന് രാമപുരത്ത് നടക്കും. രാമപുരം, പാലാ, കോട്ടയം, തൊടുപുഴ, കൂത്താട്ടുകുളം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇതിനോടകം ട്രസ്റ്റ് നടത്തിക്കഴിഞ്ഞിട്ടുണ്ട്.
ട്രസ്റ്റിന്റെ ആരംഭകാലം മുതൽ ഇംഗ്ലീഷ് മാസം എല്ലാ 25-ാം തീയതിയും നിർദ്ധനരായ അൻപതിൽ കുറയാതെ ക്യാൻസർ, കിഡ്നി രോഗികൾക്ക് ഈ ട്രസ്റ്റ് സഹായം നൽകി വരുന്നുണ്ട്. മെയ് 25 പകൽ 11 ന് രാമപുരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കുന്ന വാർഷിക സമ്മേളനം രാമപുരം ഫൊറോനാ പള്ളി വികാരി റവ. ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ ഉദ്ഘാടനം ചെയ്യും. രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അദ്ധ്യക്ഷത വഹിക്കും.
കോട്ടയം നവജീവൻ ട്രസ്റ്റ് സ്ഥാപകൻ പി യു തോമസ് മുഖ്യാതിഥിയായി പങ്കെടുക്കും. സമ്മേളനത്തിൽ നിർദ്ധന രോഗികൾക്ക് ധനസഹായ വിതരണം രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട്, കേണൽ കെ എൻ വി ആചാരി കണ്ണനാട്ട്, എം എസ് മൈക്കിൾ, മീനാക്ഷി ലക്ഷ്മികൃപ വൈക്കം എന്നിവർ ചേർന്ന് നിർവ്വഹിക്കും.
മനോജ് ചീങ്കല്ലേൽ, സൗമ്യ സേവ്യർ, കവിത മനോജ്, എം റ്റി ജാന്റിഷ്, പി എ മുരളി, മോളി പീറ്റർ, എം ആർ രാജു, പി പി നിർമ്മലൻ, പി ജെ മത്തച്ചൻ, ദീപു സുരേന്ദ്രൻ, സജിമോൻ മിറ്റത്താനി, ജയിംസ് കണിയാരകത്ത്, മേരിക്കുട്ടി അഗസ്റ്റിൻ കണിയാരകത്ത് എന്നീ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ നേതാക്കളും പഞ്ചായത്ത് ജന പ്രതിനിധികളും ആശംസയർപ്പിച്ച് സംസാരിക്കും. ട്രസ്റ്റ് പ്രസിഡന്റ് സുജാത ഷാജി സ്വാഗതവും മീനാക്ഷി ലക്ഷ്മികൃപ വൈക്കം നന്ദിയും പറയും.