കോട്ടയം: മണർകാട് മാലത്ത് യുവതി വെട്ടേറ്റു മരിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. വീട്ടുമുറ്റത്ത് വെട്ടേറ്റു മരിച്ച ജൂബിയുടെ (26) ഭർത്താവ് ഷിനോ മാത്യുവിനെയാണ് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.
ഇയാളുടെ നില ഗുരുതരമല്ലെന്നാണ് വിവരം. അന്വേഷണസംഘം സ്ഥലത്തെത്തി. കറുകച്ചാലിൽ സമൂഹമാധ്യമങ്ങൾ വഴി പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരിയാണ് മരിച്ച യുവതി. ജൂബിയുടെ കൊലപാതകത്തിനു പിന്നിൽ ഷിനോയാണെന്ന സംശയം ഉയർന്നിരുന്നു.
വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ ഷിനോയെ ആദ്യം ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പങ്കാളിയെ കൈമാറ്റം ചെയ്ത കേസിനു പിന്നാലെ ഭർത്താവുമായി പിണങ്ങി മക്കളോടൊപ്പം സ്വന്തം വീട്ടിൽ താമസിച്ചു വരികയായിരുന്നു ജൂബി.