തിരുവനന്തപുരം പുത്തന്‍തോപ്പില്‍ യുവതിയും കുഞ്ഞും ഭര്‍തൃഗൃഹത്തില്‍ പൊള്ളലേറ്റ് മരിച്ച സംഭവം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. അന്വേഷിക്കും.
മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ കഴിഞ്ഞദിവസം റൂറല്‍ എസ്.പി.ക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കേസിന്റെ അന്വേഷണം ആറ്റിങ്ങല്‍ ഡിവൈ.എസ്.പിക്ക് കൈമാറിയത്.
അതേസമയം, ഭര്‍തൃവീട്ടുകാരും യുവതിയുടെ വീട്ടുകാരും അവകാശമുന്നയിച്ചതോടെ ഇരുവരുടെയും മൃതദേഹങ്ങള്‍ പോലീസ് വിട്ടുകൊടുത്തിട്ടില്ല. തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ചയാണ് പുത്തന്‍തോപ്പ് 'റോജാ ഡെയ്‌ലി'ല്‍ രാജുജോസഫ് ടിന്‍സിലിന്റെ ഭാര്യ അഞ്ജു(23)വിനെ ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ഒന്‍പതുമാസം പ്രായമുള്ള മകന്‍ ഡേവിഡിനെ ഗുരുതരമായി പൊള്ളലേറ്റനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ബുധനാഴ്ച രാവിലെ കുഞ്ഞും മരിച്ചു.
വീട്ടിലെ കുളിമുറിയില്‍ ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അഞ്ജുവിനെയും കുഞ്ഞിനെയും പൊള്ളലേറ്റനിലയില്‍ കണ്ടതെന്നാണ് ഭര്‍ത്താവ് രാജു ജോസഫിന്റെ മൊഴി. ആറുമണിയോടെ 'താനും മകനും ഈ ലോകത്തില്‍നിന്ന് പോകുന്നു' എന്ന് അഞ്ജു മൊബൈലില്‍ സന്ദേശം അയച്ചിരുന്നു.
ഉടന്‍തന്നെ വീട്ടിലെത്തിയെങ്കിലും വാതില്‍ അകത്തുനിന്നും പൂട്ടിയനിലയിലായിരുന്നു. തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ പൊളിച്ച് അകത്തുകടന്നതോടെയാണ് കുളിമുറിയില്‍ നിന്ന് രൂക്ഷഗന്ധവും പുകയും ഉയരുന്നത് കണ്ടത്.
നോക്കിയപ്പോള്‍ അഞ്ജുവിന്റെ ശരീരം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഒരുകാലിന് സ്വാധീനക്കുറവുണ്ടായതിനാല്‍ അഞ്ജുവിനെ തനിക്ക് പുറത്തെടുക്കാനായില്ല. ഇതിനിടെ മകന് ജീവനുണ്ടെന്ന് തോന്നിയതോടെ മകനെയും എടുത്ത് അയല്‍ക്കാരുടെ സഹായത്തോടെ ആശുപത്രിയില്‍ പോവുകയായിരുന്നുവെന്നും രാജുജോസഫ് പറഞ്ഞിരുന്നു.
യുവതിയുടെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. എന്നാല്‍ സംഭവത്തില്‍ വ്യക്തതവരാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലവും പുറത്തുവരണമെന്നും പോലീസ് പറഞ്ഞു.
ആര്‍.ഡി.ഒ.യുടെ സാന്നിധ്യത്തിലാണ് യുവതിയുടെയും കുഞ്ഞിന്റെയും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. വിരലടയാള-ഫൊറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവ് ശേഖരിച്ചിരുന്നു.