തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകരെ അക്രമിച്ച കേസുകള്‍ തീര്‍പ്പാക്കാന്‍ അതിവേഗകോടതികള്‍ സ്ഥാപിക്കുന്നതടക്കമുള്ള ശുപാര്‍ശകളുള്ള ആരോഗ്യ നിയമഭേദഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
ആരോഗ്യപ്രവര്‍ത്തകരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതടക്കമുള്ള നടപടികള്‍ ശിക്ഷാര്‍ഹമായിരിക്കും.
ഇപ്പോഴത്തെ നിയമത്തിലുള്ള ജയില്‍ശിക്ഷയും പിഴയും വര്‍ധിപ്പിക്കാനും ശുപാര്‍ശയുണ്ട്. 2012-ലെ നിയമം ഭേദഗതിചെയ്ത് ഓര്‍ഡിനന്‍സിറക്കാനാണ് സര്‍ക്കാര്‍തലത്തിലെ ധാരണ. അക്രമിച്ചാല്‍ കുറഞ്ഞ ജയില്‍ശിക്ഷ രണ്ടുവര്‍ഷം നിര്‍ബന്ധമാക്കുമെന്ന് അറിയുന്നു. ഉയര്‍ന്നത് ഏഴുവര്‍ഷം വരെയാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്.
പരാതി ലഭിച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്യണം. വീഴ്ചവരുത്തിയാല്‍ പോലീസുദ്യോഗസ്ഥനെതിരേ നടപടിയുണ്ടാകും. അന്വേഷണത്തിനും വിചാരണയ്ക്കും നിശ്ചിതസമയപരിധിയുണ്ടാകും. നശിപ്പിക്കുന്ന സാധനങ്ങളുടെ യഥാര്‍ത്ഥ വിലയുടെ മൂന്നിരട്ടി ഈടാക്കും.