ബെനാമി ഇടപാടിൽ നൂറോളം കള്ളുഷാപ്പുകൾ നടത്തിയ എല്ലാ സംഭവത്തിലും കേസ് റജിസ്റ്റർ ചെയ്യാൻ എക്സൈസ് കമ്മിഷണർ നിർദേശം നൽകി. അറുപതിലേറെ കള്ളുഷാപ്പുകളുടെ ലൈസൻസ് ബെനാമി ഇടപാടിന്റെ പേരിൽ റദ്ദാക്കിയിരുന്നു. നാൽപതോളം ഷാപ്പുകളിൽ കൂടി ബെനാമി ഇടപാടു കണ്ടെത്തിയെങ്കിലും ലൈസൻസ് റദ്ദാക്കുന്നതിനു നടപടിയാവുന്നതേയുള്ളൂ.
കേസുകളെല്ലാം ഒരുമിച്ച് എക്സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിനു വിടാനാണു സാധ്യത. ബെനാമി ഇടപാട് മറ്റെവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്നറിയാൻ സംസ്ഥാനത്തെ മുഴുവൻ കള്ളുഷാപ്പുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് എക്സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണൻ പറഞ്ഞു.
വാടാനപ്പള്ളിയിൽ കള്ളുഷാപ്പ് നടത്തുന്ന തൃശൂർ മറ്റത്തൂർ സ്വദേശി ശ്രീധരനാണു ബെനാമികളെ ഉപയോഗിച്ചു ഷാപ്പുകൾ നടത്തിവന്നതെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ.
അതേസമയം, ശ്രീധരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നു 35 ലക്ഷം രൂപ പഞ്ചാബിലെ ഡിസ്റ്റിലറിക്കു നൽകിയതിനെക്കുറിച്ചുള്ള അന്വേഷണം ഇതുവരെ തുടങ്ങിയിട്ടില്ല. വിഷയം പൊലീസ് അന്വേഷിക്കണമെന്ന് എക്സൈസ് കമ്മിഷണർ ആഭ്യന്തര വകുപ്പിനു കത്തു നൽകിയിരുന്നു.
ബെനാമികളെ ഉപയോഗിച്ചു ഷാപ്പ് നടത്തുന്നയാൾ സ്പിരിറ്റ് നിർമാണക്കമ്പനിക്ക് ഇത്രയും വലിയ തുക കൈമാറിയതു സ്പിരിറ്റ് കേരളത്തിലെത്തിക്കാനാണെന്ന സംശയത്തിലാണ് എക്സൈസ്.