ധാരാളം ഗുണമേന്മയുള്ള മത്തി, പ്രോട്ടീന്റെ കലവറയാണ്. കാൽസ്യവും വിറ്റാമിൻ ഡി യും ധാരാളം അടങ്ങിയ ചെറിയ മത്തി ആരോഗ്യത്തിന് ഉത്തമമാണ്.
ചേരുവകൾ
•ചാള (മത്തി) - 1 കിലോഗ്രാം
•മുളകുപൊടി - 3 ടീസ്പൂൺ
•മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
•ചുവന്നുള്ളി ചതച്ചത് - അര കപ്പ്
•പച്ചമുളക് - 2 എണ്ണം
•ഇഞ്ചി ചതച്ചത് - 1 ടേബിൾസ്പൂൺ
•വെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പൂൺ
•തേങ്ങ ചിരവിയത് - 1 കപ്പ്
•ചെറിയ ഉള്ളി (അരയ്ക്കാൻ) - 4
•കുടംപുളി - 4 എണ്ണം
•ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്
•ഉലുവപ്പൊടി – 1/2 ടീസ്പൂണ്‍
•വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
തേങ്ങയും മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും കൂടെ നന്നായി അരച്ചെടുക്കുക. ഒരു പാത്രത്തില്‍ (മണ്‍ ചട്ടിയായാല്‍ നല്ലത്) ചുവന്നുള്ളി ചതച്ചത്, ഇഞ്ചി ചതച്ചത്, പച്ചമുളക്, വെളുത്തുള്ളി ചതച്ചത്, കറിവേപ്പില, ഉപ്പ്, കുടംപുളി, തേങ്ങ അരച്ചത്, ആവശ്യത്തിനു വെള്ളം എന്നിവ ചേർത്തു നന്നായി യോജിപ്പിക്കുക. ശേഷം ഇത് അടുപ്പിൽ വച്ച് തിളപ്പിക്കാം.
തിള വരുമ്പോള്‍ മീൻ ചേർക്കാം. മീൻ വെന്ത ശേഷം വെളിച്ചെണ്ണയും ഉലുവാപ്പൊടിയും ചേർത്ത് ഒന്ന് ചുറ്റിച്ചു വാങ്ങാം. വെറും 10 മിനിറ്റു കൊണ്ട് ഈ കറി തയ്യാറാക്കാം.