കോട്ടയം: ജനറൽ ആശുപത്രിയിലെ ബഗ്ഗി കാറുകൾക്ക് ശാപമോക്ഷം. 2018ൽ പ്രവർത്തനം ആരംഭിച്ച് 6 മാസങ്ങൾക്കു ശേഷം തകരാർ കാരണം ആശുപത്രി വളപ്പിലെ ഷെഡിൽ കയറിയ ഇലക്ട്രിക് ബഗ്ഗി കാറുകളാണ് ഇനി ഓടിത്തുടങ്ങുക.ആശുപത്രി വികസന സമിതി യോഗത്തിലാണ് ബഗ്ഗി കാറിന്റെ അറ്റകുറ്റപ്പണിക്ക് 3,26,000 രൂപ വകയിരുത്തിയത്.
രണ്ടു കാറുകളാണ് സന്നദ്ധ സംഘടന ആശുപത്രിക്ക് സംഭാവനയായി നൽകിയിരുന്നത്. ഒന്ന് അത്യാഹിത വിഭാഗത്തിൽ നിന്ന് വാർഡിലേക്ക് രോഗിയെ കൊണ്ടുപോകാനും മറ്റൊന്ന് മരുന്നുകളും ഉപകരണങ്ങളും കൊണ്ടുപോകുന്നതിനും. റീചാർജ് ചെയ്താൽ 74 കിലോമീറ്റർ ദൂരം ഓടിക്കാൻ കഴിയും.
ബാറ്ററി തകരാറിനെ തുടർന്നാണ് ഇവ മാറ്റിയിട്ടത്. ഇപ്പോൾ വാഹനങ്ങളുടെ ബാറ്ററി പൂർണമായും മാറ്റി സ്ഥാപിച്ചു, ടയർ, വയറിങ് എന്നിവയുടെ പണിയും പൂർത്തിയാക്കി. ഈ ആഴ്ച തന്നെ പെയിന്റിങ് ഉൾപ്പെടെ പൂർത്തിയാക്കി ഓടിത്തുടങ്ങുമെന്നാണ് അധികൃതർ പറയുന്നത്.