കാലാവധി കഴിഞ്ഞ കെഎസ്ആർടിസി വാഹനങ്ങളുടെ റജിസ്ട്രേഷൻ നീട്ടിക്കൊടുക്കണമെന്ന വിവാദ ഉത്തരവും സർക്കുലറുമായി സംസ്ഥാന ഗതാഗത വകുപ്പ്. ഏപ്രിൽ 1നു നിലവിൽ വന്ന കേന്ദ്ര ചട്ട ഭേദഗതി പ്രകാരം 15 വർഷം കഴിഞ്ഞാൽ സർക്കാർ വാഹനങ്ങളുടെ റജിസ്ട്രേഷൻ റദ്ദാകും.
കാസർകോട്-മംഗലാപുരം റൂട്ടിൽ വിദ്യാർഥികൾക്ക് കെഎസ്ആർടിസി കൺസഷൻ ഇത്തരത്തിൽ മാർച്ച് 31നു കാലാവധി പിന്നിട്ട കെഎസ്ആർടിസി വാഹനങ്ങൾക്ക് 2024 സെപ്റ്റംബർ വരെ റജിസ്ട്രേഷനും ഫിറ്റ്നസ് സർട്ടിഫിക്കറ്റും പെർമിറ്റും നീട്ടി നൽകണമെന്നാണു ഗതാഗത സെക്രട്ടറിയുടെ ഉത്തരവ്.
കേന്ദ്ര മോട്ടർ വാഹന ചട്ടത്തിൽ 52 (എ) എന്ന പുതിയ വകുപ്പു ചേർത്തുള്ള ഭേദഗതിയുടെ ലംഘനമാണിത്. ഈ ഭേദഗതി സ്വകാര്യ വാഹനങ്ങൾക്കു ബാധകമല്ല. ഗതാഗത സെക്രട്ടറി ആവശ്യപ്പെട്ടതെല്ലാം കേന്ദ്രത്തിന്റെ പരിവാഹൻ സോഫ്റ്റ് വെയറിൽ രേഖപ്പെടുത്താതെ ‘മാനുവൽ’ ആയി ചെയ്തുകൊടുക്കാൻ ഗതാഗത കമ്മിഷണർ മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കു സർക്കുലറുമയച്ചു.
കേന്ദ്രത്തിന്റെ ചട്ടഭേദഗതി പ്രകാരം 237 ബസ് ഉൾപ്പെടെ 384 കെഎസ്ആർടിസി വാഹനങ്ങളുടെ റജിസ്ട്രേഷനാണു മാർച്ച് 31ന് അവസാനിച്ചത്.
സമയം നീട്ടി നൽകാനുള്ള സംസ്ഥാനത്തിന്റെ അപേക്ഷ കേന്ദ്രം അംഗീകരിക്കാതെ വന്നതോടെയാണ് ഗതാഗതവകുപ്പിന്റെ നടപടി. റജിസ്ട്രേഷൻ നീട്ടിക്കിട്ടുന്ന ബസുകൾ അപകടത്തിൽപെട്ടാൽ ഇൻഷുറൻസ് പരിരക്ഷ പോലും ലഭിക്കില്ല. ഉദ്യോഗസ്ഥർ നിയമ നടപടി നേരിടേണ്ടിയും വരും.